കണ്ണൂർ ഡെന്റൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജ് ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രതികളായ അധ്യാപകരുടെ മുൻകൂർ ജാമ്യാപേക്ഷയിൽ തലശ്ശേരി സെഷൻസ് കോടതി ഇന്ന് വിധി പറയും. വകുപ്പ് മേധാവി ഡോ. റാം, സംഗീത നമ്പ്യാർ എന്നിവരുടെ അപേക്ഷകളാണ് കോടതിയുടെ പരിഗണനയിലുള്ളത്.
കേസിൽ കക്ഷി ചേർന്ന നിതിൻ രാജിന്റെ പിതാവിന്റെ വാദമുഖങ്ങൾ കൂടി കേട്ട ശേഷമായിരിക്കും കോടതി അന്തിമ തീരുമാനമെടുക്കുക.
നിതിൻ രാജിന് അധ്യാപകരിൽ നിന്ന് നിരന്തരമായ ജാതീയ അധിക്ഷേപവും മാനസിക പീഡനവും നേരിടേണ്ടി വന്നതായാണ് പ്രോസിക്യൂഷൻ കോടതിയിൽ വാദിക്കുന്നത്.
അതേസമയം, തങ്ങൾക്കെതിരെയുള്ള ആരോപണങ്ങൾ നിഷേധിക്കുന്ന നിലപാടാണ് അധ്യാപകർ സ്വീകരിച്ചിരിക്കുന്നത്. നിതിൻ ആത്മഹത്യ ചെയ്ത ദിവസം പ്രിൻസിപ്പലിന്റെ മുറിയിൽ നടന്ന ചോദ്യം ചെയ്യലിൽ തങ്ങൾ പങ്കെടുത്തിട്ടില്ലെന്നാണ് പ്രതിഭാഗം അഭിഭാഷകർ കോടതിയെ അറിയിച്ചത്.
ലോൺ ആപ്പുമായി ബന്ധപ്പെട്ട സാമ്പത്തിക തർക്കങ്ങളാണ് മരണത്തിലേക്ക് നയിച്ചതെന്ന കോളേജ് മാനേജ്മെന്റിന്റെ വാദം നിതിന്റെ കുടുംബം തള്ളിക്കളഞ്ഞു.
















