ആഗോള എണ്ണ വ്യാപാരത്തിന്റെ സിരയായ ഹുർമുസ് കടലിടുക്കിൽ നിയന്ത്രണങ്ങൾ കടുപ്പിച്ച് ഇറാൻ. തങ്ങളുടെ തുറമുഖങ്ങൾക്കുമേൽ അമേരിക്ക ഏർപ്പെടുത്തിയിരിക്കുന്ന നാവിക ഉപരോധം പൂർണ്ണമായും പിൻവലിക്കാതെ മേഖലയിൽ സാധാരണ നില പുനഃസ്ഥാപിക്കില്ലെന്ന് ഇറാൻ പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഗർ ഖാലിബാഫ് പ്രഖ്യാപിച്ചു. ഇതോടെ പശ്ചിമേഷ്യയിൽ വീണ്ടും കടുത്ത സംഘർഷാവസ്ഥ ഉടലെടുത്തിരിക്കുകയാണ്.
ബുധനാഴ്ച ഹുർമുസ് ഇടുക്കിലൂടെ കടന്നുപോയ രണ്ട് വിദേശ ചരക്കുകപ്പലുകൾ ഇറാൻ റെവല്യൂഷണറി ഗാർഡ് പിടിച്ചെടുത്തു. അന്താരാഷ്ട്ര കപ്പൽ ഗതാഗത ചട്ടങ്ങൾ ലംഘിച്ചതിനാലാണ് നടപടിയെന്ന് തെഹ്‌റാൻ അവകാശപ്പെടുന്നുണ്ടെങ്കിലും, അമേരിക്കൻ ഉപരോധത്തോടുള്ള നേരിട്ടുള്ള തിരിച്ചടിയായാണ് ലോകരാഷ്ട്രങ്ങൾ ഇതിനെ കാണുന്നത്. നിലവിൽ ഇറാൻ തുറമുഖങ്ങളെ ലക്ഷ്യമിട്ട് ഏകദേശം 10,000 സൈനികരെ അണിനിരത്തിയാണ് അമേരിക്ക ഉപരോധം ശക്തമാക്കിയിരിക്കുന്നത്. ബുധനാഴ്ച മാത്രം 31 കപ്പലുകളെ അമേരിക്കൻ സേന തടയുകയും തിരിച്ചയക്കുകയും ചെയ്തു.
അമേരിക്കയും ഇസ്രായേലും ചേർന്ന് വെടിനിർത്തൽ കരാറുകൾ ലംഘിക്കുകയാണെന്ന് ഇറാൻ ആരോപിച്ചു. ഏപ്രിൽ 13-ന് അമേരിക്ക ഏകപക്ഷീയമായി ഏർപ്പെടുത്തിയ നാവിക ഉപരോധം സമാധാന ശ്രമങ്ങൾക്കേറ്റ കനത്ത പ്രഹരമാണെന്ന് ഖാലിബാഫ് ചൂണ്ടിക്കാട്ടി. ഈ നടപടിയിൽ പ്രതിഷേധിച്ച് പാകിസ്ഥാൻ തലസ്ഥാനമായ ഇസ്‍ലാമാബാദിൽ നടക്കാനിരുന്ന രണ്ടാം വട്ട സമാധാന ചർച്ചകളിൽ നിന്ന് ഇറാൻ ഔദ്യോഗികമായി പിന്മാറി.
















