ഡൽഹിയിലെ അമർ കോളനിയിൽ മുതിർന്ന ഐആർഎസ് ഉദ്യോഗസ്ഥന്റെ 22 വയസ്സുള്ള മകളെ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിൽ മുൻ വീട്ടുജോലിക്കാരൻ രാഹുൽ മീണ (23) പിടിയിലായി. മോഷണശ്രമത്തിനിടെയാണ് അതിക്രമം നടന്നത്. പ്രതി ഇതിന് മുൻപ് രാജസ്ഥാനിൽ വെച്ച് മറ്റൊരു സ്ത്രീയേയും പീഡിപ്പിച്ചിരുന്നതായി പോലീസ് അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. വീട്ടിലെ സുരക്ഷാ സംവിധാനങ്ങളെക്കുറിച്ച് കൃത്യമായ അറിവുണ്ടായിരുന്ന പ്രതി, നാല് സുരക്ഷാ മതിലുകൾ ഭേദിച്ചാണ് വീടിനുള്ളിൽ കടന്നത്.
രാജസ്ഥാനിലെ ആൾവാർ സ്വദേശിയായ രാഹുൽ മീണ എട്ടുമാസത്തോളം ഈ വീട്ടിൽ ജോലി ചെയ്തിരുന്നു. എന്നാൽ സാമ്പത്തിക ക്രമക്കേടുകളെത്തുടർന്ന് ആറ് ആഴ്ചകൾക്ക് മുൻപ് ഇയാളെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടു. ഇതിലുള്ള പകയും കവർച്ചാ ലക്ഷ്യവുമാണ് പ്രതിയെ വീണ്ടും ഈ വീട്ടിലെത്തിച്ചത്. വീട്ടുകാരുടെ ദിനചര്യകൾ കൃത്യമായി അറിയാമായിരുന്ന പ്രതി, പെൺകുട്ടി തനിച്ചാണെന്ന് ഉറപ്പുവരുത്തിയാണ് ഉള്ളിൽ കടന്നതും ക്രൂരകൃത്യം നിർവ്വഹിച്ചതും.
പെൺകുട്ടിയെ ഉപദ്രവിച്ച ശേഷം അബോധാവസ്ഥയിലായ ഇരയുടെ വിരലടയാളം ഉപയോഗിച്ച് ബയോമെട്രിക് ലോക്കർ തുറക്കാൻ പ്രതി ശ്രമിച്ചതായി പോലീസ് വെളിപ്പെടുത്തി. ഇത് പരാജയപ്പെട്ടതോടെ സ്ക്രൂഡ്രൈവർ ഉപയോഗിച്ച് ലോക്കർ തകർത്ത് സ്വർണ്ണവും പണവും കവരുകയായിരുന്നു. കൃത്യത്തിന് ശേഷം കടന്നുകളഞ്ഞ പ്രതിയെ സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെയാണ് ഡൽഹി പോലീസ് വലയിലാക്കിയത്. ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചിട്ടുണ്ട്.
















