ഇസ്രയേൽ, ലബനൻ പ്രതിനിധികൾ തമ്മിൽ നടത്തിയ കൂടിക്കാഴ്ചയിൽ വെടിനിർത്തൽ മൂന്നാഴ്ച കൂടി നീട്ടാൻ തീരുമാനിച്ചതായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്.
ചരിത്രപരമായ യോഗത്തിൽ പങ്കെടുക്കാൻ സാധിച്ചത് വലിയ ബഹുമതിയാണെന്നു പറഞ്ഞുകൊണ്ടാണ് ട്രംപ് പ്രഖ്യാപനം നടത്തിയത്.
ചരിത്ര നിമിഷത്തിന് നേതൃത്വം നൽകിയതിന് ഇസ്രയേൽ, ലബനീസ് പ്രതിനിധികൾ ട്രംപിനോട് നന്ദി പറഞ്ഞതായി വൈറ്റ്ഹൗസ് അറിയിച്ചു.
അതേസമയം ഇറാനെതിരായ യുദ്ധം പുനരാരംഭിക്കാൻ തയാറാണെന്ന് ഇസ്രയേൽ പ്രതിരോധ മന്ത്രി ഇസ്രയേൽ കാറ്റ്സ്. ഇറാനെ ശിലായുഗത്തിലേക്കു തിരികെ കൊണ്ടുവരാൻ അമേരിക്കയിൽ നിന്ന് പച്ചക്കൊടി കാണിക്കാൻ ഇസ്രയേൽ കാത്തിരിക്കുകയാണെന്ന് കാറ്റ്സ് പറഞ്ഞു.
പ്രതിരോധിക്കാനും ആക്രമിക്കാനും ഇസ്രയേൽ തയാറാണെന്നും ലക്ഷ്യങ്ങൾ അടയാളപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
















