മുഖ്യമന്ത്രി ചർച്ചകളോട് യാതൊരു താൽപര്യവുമില്ലെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ. ഈ നിലപാടിനെ എങ്ങനെ വേണമെങ്കിലും വ്യാഖ്യാനിക്കാമെന്നും, താൽപര്യമുള്ളവർ ചർച്ചയുമായി മുന്നോട്ട് പോകട്ടെയെന്നും അദ്ദേഹം പറഞ്ഞു. തിരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടികൾക്കെതിരെയും അദ്ദേഹം രൂക്ഷമായ വിമർശനങ്ങൾ ഉന്നയിച്ചു. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയോട് തിരഞ്ഞെടുപ്പ് കമ്മീഷൻ വിശദീകരണം തേടിയ നടപടി വിചിത്രമാണെന്ന് വേണുഗോപാൽ ചൂണ്ടിക്കാട്ടി. തമിഴ്‌നാട്ടിൽ വച്ച് തന്നെ ഖർഗെ തന്റെ പരാമർശങ്ങൾ വ്യക്തമാക്കിയതാണ്. എന്നിട്ടും മറുപടി നൽകാൻ വെറും 24 മണിക്കൂർ മാത്രം അനുവദിച്ചത് ശരിയല്ലെന്ന് അദ്ദേഹം പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെയും കമ്മീഷനെതിരെയും കടുത്ത ആരോപണങ്ങളാണ് അദ്ദേഹം ഉന്നയിച്ചത്. പ്രധാനമന്ത്രിയുടെ പ്രസംഗങ്ങൾ നഗ്നമായ ചട്ടലംഘനമാണെന്ന് പരാതിപ്പെട്ടിട്ടും തിരഞ്ഞെടുപ്പ് കമ്മീഷൻ നടപടിയെടുക്കാതെ ക്ലീൻ ചീട്ട് നൽകുകയാണ് ചെയ്തത്. ഇതിനെതിരെ കമ്മീഷണറെ ഇംപീച്ച് ചെയ്യുന്നതിനെക്കുറിച്ച് പ്രതിപക്ഷം ആലോചിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. കൂടാതെ, കോഴിക്കോട് സ്‌ട്രോംഗ് റൂം തുറന്നതുമായി ബന്ധപ്പെട്ട് നൽകിയ പരാതിയിന്മേലും കമ്മീഷൻ ഇതുവരെ നടപടിയെടുത്തിട്ടില്ലെന്നും വേണുഗോപാൽ കുറ്റപ്പെടുത്തി.
















