പശ്ചിമേഷ്യയിൽ നിലനിൽക്കുന്ന കടുത്ത യുദ്ധസമാനമായ സാഹചര്യം ലഘൂകരിക്കുന്നതിനായുള്ള അമേരിക്ക – ഇറാൻ രണ്ടാം ഘട്ട സമാധാന ചർച്ചകൾക്ക് പാകിസ്താൻ തലസ്ഥാനമായ ഇസ്ലാമാബാദ് വേദിയാകുന്നു. ചർച്ചകളിൽ പങ്കെടുക്കുന്നതിനായി അമേരിക്കൻ പ്രതിനിധി സംഘം ഇന്ന് ഇസ്ലാമാബാദിലേക്ക് തിരിക്കുമെന്ന് വൈറ്റ് ഹൗസ് സ്ഥിരീകരിച്ചു. ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരഗ്ചി ഇതിനോടകം തന്നെ പാകിസ്താനിൽ എത്തിച്ചേർന്നിട്ടുണ്ട്.
അമേരിക്കയുടെ പശ്ചിമേഷ്യൻ പ്രതിനിധി സ്റ്റീവ് വിറ്റ് കോഫ്, ഡൊണാൾഡ് ട്രംപിന്റെ മരുമകൻ ജെരാദ് കഷ്നർ എന്നിവരടങ്ങുന്ന ഉന്നതതല സംഘമാണ് ചർച്ചകളിൽ പങ്കെടുക്കുന്നത്. നിലവിൽ യുഎസ് വൈസ് പ്രസിഡന്റ് ജെ ഡി വാൻസ് സംഘത്തിനൊപ്പമില്ലെങ്കിലും, ചർച്ച പുരോഗമിക്കുന്ന മുറയ്ക്ക് ആവശ്യമെങ്കിൽ അദ്ദേഹം ഇസ്ലാമാബാദിലേക്ക് തിരിക്കുമെന്ന് വൈറ്റ് ഹൗസ് വക്താവ് കരോലിൻ ലെവിറ്റ് അറിയിച്ചു. ഇറാന്റെ ഭാഗത്തുനിന്നുള്ള നിർദ്ദേശങ്ങൾ പരിശോധിച്ച ശേഷം മാത്രമാകും വാൻസിന്റെ യാത്രയെന്നും സൂചനയുണ്ട്.
അബ്ബാസ് അരഗ്ചി ഇസ്ലാമാബാദിലെത്തിയെങ്കിലും ചർച്ചകളിൽ നേരിട്ട് പങ്കെടുക്കുന്ന കാര്യത്തിൽ ഇറാൻ ഇതുവരെ ഔദ്യോഗിക സ്ഥിരീകരണം നൽകിയിട്ടില്ല. അമേരിക്കയുമായി നേരിട്ടുള്ള ചർച്ചകൾ നിലവിൽ പദ്ധതിയിട്ടിട്ടില്ലെന്നും ഇറാന്റെ നിലപാടുകൾ മധ്യസ്ഥ രാജ്യമായ പാകിസ്താനെ അറിയിക്കുമെന്നും ഇറാൻ വിദേശകാര്യ വക്താവ് ഇസ്മായിൽ ബഗായ് എക്സിൽ (X) കുറിച്ചു. പാകിസ്താൻ നേതാക്കളുമായുള്ള അരഗ്ചിയുടെ കൂടിക്കാഴ്ചയ്ക്ക് ശേഷം സമാധാന ചർച്ചകൾക്ക് തുടക്കമായേക്കുമെന്ന് പാക് വിദേശകാര്യ മന്ത്രി ഇഷാക്ക് ധർ പ്രത്യാശ പ്രകടിപ്പിച്ചു.
ഇറാൻ ചില നിർദ്ദേശങ്ങൾ മുന്നോട്ടുവെച്ചിട്ടുണ്ടെന്നും എന്നാൽ അത് താൻ ഇതുവരെ കണ്ടിട്ടില്ലെന്നും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് റോയിട്ടേഴ്സിന് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി. എന്നിരുന്നാലും, തങ്ങളുടെ പ്രധാന ആവശ്യങ്ങളിൽ വിട്ടുവീഴ്ചയില്ലെന്ന കർശന നിലപാടിലാണ് ട്രംപ്. ഹോർമുസ് കടലിടുക്ക് അന്താരാഷ്ട്ര കപ്പൽ ഗതാഗതത്തിനായി തുറന്നുകൊടുക്കണമെന്നും യുറേനിയം സമ്പുഷ്ടീകരണം ഇറാൻ പൂർണ്ണമായും നിർത്തണമെന്നുമുള്ള കാര്യത്തിൽ മാറ്റമുണ്ടാകില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.
















