വാൽപ്പാറയിൽ മലപ്പുറം സ്വദേശികളായ അധ്യാപകരും ജീവനക്കാരും മരിച്ച ദാരുണമായ അപകടം നടന്ന് ഒരാഴ്ച പിന്നിട്ടിട്ടും ഇരകളായ കുടുംബങ്ങളെ സർക്കാർ അവഗണിക്കുന്നതായി ആക്ഷേപം. അപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്കോ ഗുരുതരമായി പരുക്കേറ്റവർക്കോ ഇതുവരെയും ഒരുവിധത്തിലുള്ള ധനസഹായവും ലഭ്യമാക്കിയിട്ടില്ലെന്ന് മഞ്ഞളാംകുഴി അലി എം.എൽ.എ ആരോപിച്ചു.
തൃശൂർ മുണ്ടത്തിക്കോട് വെടിക്കെട്ട് അപകടത്തിൽ മരിച്ചവർക്ക് ധനസഹായം നൽകാൻ അടിയന്തരമായി മന്ത്രിസഭാ യോഗം ചേരുകയും തീരുമാനങ്ങൾ എടുക്കുകയും ചെയ്ത സർക്കാർ, വാൽപ്പാറ ദുരന്തബാധിതരോട് ഇരട്ടത്താപ്പാണ് കാണിക്കുന്നതെന്ന് എം.എൽ.എ പറഞ്ഞു. വിദ്യാഭ്യാസ മന്ത്രിയോടുൾപ്പെടെ താൻ നേരിട്ട് സഹായം അഭ്യർത്ഥിച്ചെങ്കിലും ഇതുവരെ അനുകൂലമായ നടപടികളൊന്നും ഉണ്ടായിട്ടില്ല.
മലപ്പുറം പാങ്ങ് ജി.എൽ.പി. സ്‌കൂളിലെ അധ്യാപകരും ജീവനക്കാരും സഞ്ചരിച്ച വാഹനമാണ് വാൽപ്പാറ ചുരം റോഡിൽ അപകടത്തിൽപ്പെട്ടത്. നിയന്ത്രണം വിട്ട വാൻ ഏകദേശം 300 അടി താഴ്ചയിലുള്ള കയത്തിലേക്ക് മറിയുകയായിരുന്നു. ഡ്രൈവർ ഉൾപ്പെടെ 13 പേർ സഞ്ചരിച്ചിരുന്ന വാനിലുണ്ടായിരുന്നവരിൽ ഏഴ് സ്ത്രീകളും ഒരു കുട്ടിയുമടക്കം 10 പേർക്കാണ് ജീവൻ നഷ്ടമായത്.
അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ വാഹനത്തിന്റെ ഡ്രൈവർ ഇപ്പോഴും ചികിത്സയിൽ തുടരുകയാണ്. ഇദ്ദേഹത്തിന്റെ ചികിത്സാ ചെലവുകൾ ഉൾപ്പെടെയുള്ള കാര്യങ്ങളിലും സർക്കാരിന്റെ ഇടപെടൽ കാര്യക്ഷമമല്ലെന്ന പരാതി ശക്തമാണ്.
















