വട്ടിയൂർക്കാവ് പോലീസ് സ്റ്റേഷനിലേക്ക് നടത്തിയ ബിജെപി മാർച്ചിൽ വിവാദ മുദ്രാവാക്യം മുഴക്കിയ സംഭവത്തിൽ മുൻ ഡിജിപി ആർ. ശ്രീലേഖയെ പ്രതിചേർത്തു. സംസ്ഥാനത്തെ ആദ്യ വനിതാ ഐപിഎസ് ഓഫീസറായ ശ്രീലേഖയെ കേസിൽ അഞ്ചാം പ്രതിയാക്കിയാണ് പോലീസ് കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചത്. നിലവിൽ ശാസ്തമംഗലം വാർഡിലെ ബിജെപി കൗൺസിലറാണ് ഇവർ.
വട്ടിയൂർക്കാവിലെ ബിജെപി പ്രവർത്തകർക്കെതിരെയുണ്ടായ പോലീസ് നടപടിയിൽ പ്രതിഷേധിച്ചാണ് വനിതാ കൗൺസിലർമാരുടെ നേതൃത്വത്തിൽ സ്റ്റേഷൻ മാർച്ച് സംഘടിപ്പിച്ചത്. മാർച്ച് ഉദ്ഘാടനം ചെയ്തത് ആർ. ശ്രീലേഖയായിരുന്നു. ഇതിന് പിന്നാലെ മാർച്ചിൽ ഉയർന്ന “പോടാ പുല്ലേ പോലീസേ” എന്ന പരാമർശം വലിയ രാഷ്ട്രീയ വിവാദങ്ങൾക്ക് വഴിതെളിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് പോലീസ് നടപടി കർശനമാക്കിയത്.
കേസിൽ ആറാം പ്രതിയായി തിരുവനന്തപുരം ഡെപ്യൂട്ടി മേയർ ആശാനാഥും ഉൾപ്പെട്ടിട്ടുണ്ട്. മുദ്രാവാക്യം വിളിച്ചതും പോലീസിനെ അധിക്ഷേപിക്കുന്ന രീതിയിൽ സംസാരിച്ചതും ഗൗരവകരമായ നിയമലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയാണ് വട്ടിയൂർക്കാവ് പോലീസ് കോടതിയിൽ റിപ്പോർട്ട് നൽകിയിരിക്കുന്നത്.
















