സൂപ്പർതാരം മോഹൻലാലിനൊപ്പമുള്ള ചിത്രം സോഷ്യൽ മീഡിയയിൽ പങ്കുവെച്ച് അമേരിക്കൻ ഇലക്ട്രോണിക് ഡിജെ ഇരട്ടകളായ ദി ചെയിൻസ്‌മോക്കേഴ്‌സ്. ടെക്‌സസിലെ ഡാളസിൽ നടക്കുന്ന ഷോയ്ക്ക് മുന്നോടിയായാണ് ഇവർ നടനെ കണ്ടുമുട്ടിയത്.
മോഹൻലാലിന് ഇരുവശത്തുമായി ഇരട്ട ഡിജെകൾ നിൽക്കുന്ന ചിത്രമാണ് ദി ചെയിൻസ്‌മോക്കേഴ്‌സ് ഇൻസ്റ്റഗ്രാമിലൂടെ പങ്കുവെച്ചത്. അത്യധികം ആവേശത്തോടെയാണ് ആരാധകർ ചിത്രം ഏറ്റെടുത്തത്.
‘ഡാലസിലെ ഷോയ്ക്ക് മുമ്പായി പുതിയൊരു സുഹൃത്തിനെ ലഭിച്ചു’ എന്നാണ് ചെയിൻസ്‌മോക്കേഴ്‌സ് ചിത്രത്തിന് ക്യാപ്ഷനായി കുറിച്ചത്. പോസ്റ്റിൽ മോഹൻലാലിനെ ടാഗ് ചെയ്തിട്ടുമുണ്ട്. വെള്ള നിറത്തിലുള്ള ടി-ഷർട്ടായിരുന്നു ഡിജെകളുടെ വേഷം. അതേസമയം മോഹൻലാൽ ഇളംനീല ഷർട്ടും നീല ഡെനിംസുമാണ് ധരിച്ചിരുന്നത്.
ആവേശം നിറഞ്ഞതും രസകരവുമായ ഒട്ടേറെ കമന്റുകളാണ് ചിത്രത്തിന് ലഭിച്ചത്. ‘ജിടിഎ 6 പുറത്തിറങ്ങുന്നതിന് മുമ്പ് നമുക്ക് ലാലേട്ടനേയും ചെയിൻസ്‌മോക്കേഴ്‌സിനേയും ഒന്നിച്ച് കാണാൻ കഴിഞ്ഞു’ എന്നാണ് ഒരാൾ കുറിച്ചത്. ‘മൾട്ടിവേഴ്‌സ് യാഥാർഥ്യമാണ്’ എന്ന് മറ്റൊരാൾ. ‘യഥാർഥ ഇതിഹാസതാരത്തെയാണ് നിങ്ങൾ കണ്ടുമുട്ടിയത്’ എന്ന് ഒരാൾ ദി ചെയിൻസ്‌മോക്കേഴ്‌സിനോടായി കമന്റിൽ പറഞ്ഞു.
അലക്‌സ് പാൽ, ഡ്ര്യൂ ടാഗർട് എന്നിവരാണ് ദി ചെയിൻസ്‌മോക്കേഴ്‌സ് എന്നറിയപ്പെടുന്ന ഇരട്ട ഡിജെകൾ. 2014-ൽ പുറത്തിറങ്ങിയ #സെൽഫി എന്ന ഗാനത്തിലൂടെയാണ് ഇവർ ആഗോളതലത്തിൽ പ്രശസ്തരാകുന്നത്. ക്ലോസർ, ഡോണ്ട് ലെറ്റ് മി ഡൗൺ, സംതിങ് ജസ്റ്റ് ലൈക്ക് ദിസ് എന്നിവയാണ് ഇവരുടെ പ്രധാന ഗാനങ്ങൾ. പോപ്പ് മ്യൂസികിനെ ഇലക്ട്രോണിക് ഡാൻസ് മ്യൂസികുമായി സംയോജിപ്പിച്ച് വ്യത്യസ്തമായ സംഗീതാനുഭവം സമ്മാനിക്കുന്നതാണ് ചെയിൻസ്‌മോക്കേഴ്‌സിന്റെ രീതി. ഗ്രാമി ഉൾപ്പെടെ ഒട്ടേറെ പുരസ്‌കാരങ്ങൾ നേടിയ ഇവർക്ക് ലോകമെമ്പാടും ആരാധകരുണ്ട്.
















