ആം ആദ്മി പാർട്ടിയിൽ അപ്രതീക്ഷിതമായി ഉണ്ടായ രാഷ്ട്രീയ അട്ടിമറിക്കു പിന്നാലെ നിയമപോരാട്ടത്തിന് തുടക്കമിട്ട് പാർട്ടി നേതൃത്വം. ബിജെപിയിൽ ചേർന്ന ഏഴ് രാജ്യസഭാ എംപിമാരെ അയോഗ്യരാക്കണമെന്ന് ആവശ്യപ്പെട്ട് രാജ്യസഭാ അധ്യക്ഷന് കത്തു നൽകുമെന്ന് എഎപി പാർലമെന്ററി പാർട്ടി നേതാവ് സഞ്ജയ് സിംഗ് വ്യക്തമാക്കി. ഭരണഘടനയെയും കൂറുമാറ്റ നിരോധന നിയമത്തെയും വെല്ലുവിളിച്ചുകൊണ്ടുള്ള നീക്കമാണ് എംപിമാരുടെ ഭാഗത്തുനിന്നും ഉണ്ടായതെന്ന് സഞ്ജയ് സിംഗ് വാർത്താസമ്മേളനത്തിൽ ആരോപിച്ചു.
സഭയ്ക്കുള്ളിൽ പിളർപ്പോ വിഭാഗീയതയോ അനുവദിക്കില്ലെന്ന് കൂറുമാറ്റ നിരോധന നിയമം വ്യക്തമാക്കുന്നുണ്ടെന്ന് സഞ്ജയ് സിംഗ് ചൂണ്ടിക്കാട്ടി. മൂന്നിൽ രണ്ട് ഭൂരിപക്ഷം ഉണ്ടെന്ന് അവകാശപ്പെട്ടാലും, മറ്റൊരു പാർട്ടിയിൽ ലയിക്കുന്നത് നിയമപരമായി നിലനിൽക്കില്ലെന്നാണ് പാർട്ടിയുടെ വാദം. എംപിമാരുടെ നടപടി പൂർണ്ണമായും ഭരണഘടനാ വിരുദ്ധമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, തങ്ങളുടെ നീക്കം നിയമവിധേയമാണെന്ന നിലപാടിൽ ഉറച്ചുനിൽക്കുകയാണ് ബിജെപിയിലേക്ക് ചേക്കേറിയ വിമത വിഭാഗം. താനുൾപ്പെടെ ഏഴുപേർ പാർട്ടി വിടുന്നത് ഭരണഘടനാപരമായ വ്യവസ്ഥകൾ പാലിച്ചുകൊണ്ടാണെന്ന് വിമതർക്ക് നേതൃത്വം നൽകുന്ന രാഘവ് ഛദ്ദ അവകാശപ്പെട്ടു. പാർട്ടി ആദർശങ്ങളിൽ നിന്ന് വ്യതിചലിച്ചുവെന്നും കെജ്രിവാളിന്റെ പ്രവർത്തനശൈലി മാറിയെന്നുമാണ് വിമത വിഭാഗം ഉന്നയിക്കുന്ന പ്രധാന പരാതി.
പാർട്ടിക്കുള്ളിലെ ആഭ്യന്തര പ്രശ്നങ്ങൾ തുറന്നുപറഞ്ഞുകൊണ്ട് സ്വാതി മാലിവാൽ എംപിയും രംഗത്തെത്തി. അരവിന്ദ് കെജ്രിവാളിന്റെ വസതിയിൽ വെച്ച് തനിക്ക് മർദ്ദനമേൽക്കേണ്ടി വന്നുവെന്ന ഗുരുതരമായ ആരോപണം അവർ ആവർത്തിച്ചു. ജോലിയുപേക്ഷിച്ച് വർഷങ്ങളോളം ചേരികളിൽ താമസിച്ച് പാർട്ടിക്കായി പ്രവർത്തിച്ച തനിക്ക് വഞ്ചനയാണ് നേരിടേണ്ടി വന്നതെന്നും വരും ദിവസങ്ങളിൽ കൂടുതൽ നേതാക്കൾ എഎപി വിടുമെന്നും സ്വാതി മാലിവാൽ മുന്നറിയിപ്പ് നൽകി.
















