സംസ്ഥാനത്ത് പാമ്പുകടിയേൽക്കുന്ന സംഭവങ്ങൾ ആശങ്കാജനകമാംവിധം വർധിക്കുന്നു. കഴിഞ്ഞ ദിവസം മാത്രം വിവിധ ജില്ലകളിലായി അഞ്ചുപേർക്കാണ് പാമ്പുകടിയേറ്റത്. കോഴിക്കോട്, കോട്ടയം, വയനാട്, കായംകുളം എന്നിവിടങ്ങളിലാണ് അപകടങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. പാമ്പുകടിയേറ്റുള്ള മരണങ്ങൾ വർധിക്കുന്ന സാഹചര്യത്തിൽ ആരോഗ്യവകുപ്പ് അതീവ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു.
പാമ്പുകടിയേറ്റാൽ ഒട്ടും വൈകാതെ തന്നെ ശാസ്ത്രീയ ചികിത്സ ലഭ്യമാക്കണമെന്ന് ആരോഗ്യവകുപ്പ് ഡയറക്ടർ അറിയിച്ചു. ജീവൻ രക്ഷിക്കാൻ കൃത്യസമയത്ത് ‘ആന്റിവെനം’ നൽകേണ്ടത് അനിവാര്യമാണ്. വിഷവൈദ്യം പോലെയുള്ള അശാസ്ത്രീയ ചികിത്സാരീതികൾ പിന്തുടരുന്നത് മരണസാധ്യത വർധിപ്പിക്കുമെന്നും, എത്രയും വേഗം പാമ്പുകടിക്ക് ചികിത്സ ലഭ്യമായ സർക്കാർ ആശുപത്രികളിലെയോ മറ്റ് വിദഗ്ധ കേന്ദ്രങ്ങളിലെയോ എത്തിക്കണമെന്നും അധികൃതർ കർശന നിർദ്ദേശം നൽകി.
കഴിഞ്ഞ ദിവസം മാത്രം പാമ്പുകടിയേറ്റതുമായും അതുമായി ബന്ധപ്പെട്ട സംശയങ്ങളുമായും 108 ആംബുലൻസ് കൺട്രോൾ റൂമിലേക്ക് 22 കോളുകളാണ് എത്തിയത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ഇത്തരം അടിയന്തര സാഹചര്യങ്ങൾ കൈകാര്യം ചെയ്യാൻ ആംബുലൻസ് സർവീസുകൾ സജ്ജമാണെന്നും അധികൃതർ വ്യക്തമാക്കി.
















