തെലങ്കാനയിലെ യാദാദ്രി ഭുവനഗിരി ജില്ലയിൽ ചാർമിനാർ എക്സ്പ്രസ് ട്രെയിനിന് തീപിടിച്ചു. അലർ റെയിൽവേ സ്റ്റേഷന് സമീപത്ത് വെച്ചായിരുന്നു അപകടം. ട്രെയിനിലെ എസ് 5 (S5) കോച്ചിലാണ് തീപിടുത്തമുണ്ടായത്. ഉച്ചയോടെയുണ്ടായ അപകടത്തിൽ ആർക്കും പരിക്കേറ്റതായി റിപ്പോർട്ടുകളില്ലെങ്കിലും വൻ ദുരന്തമാണ് ഒഴിവായത്.
യാത്രക്കിടെ കോച്ചിൽ നിന്നും പുകയും തീയും ഉയരുന്നത് ശ്രദ്ധയിൽപ്പെട്ടതോടെ യാത്രക്കാർ പരിഭ്രാന്തരായി ചിതറിയോടി. ഉടൻ തന്നെ യാത്രക്കാർ ചങ്ങല വലിച്ച് ട്രെയിൻ നിർത്തുകയായിരുന്നു. ട്രെയിൻ നിന്ന വേഗത്തിൽ തന്നെ യാത്രക്കാർ പുറത്തേക്ക് ചാടിയിറങ്ങിയത് വലിയ അപകടം ഒഴിവാക്കാൻ സഹായിച്ചു. ഷോർട്ട് സർക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്ന് പ്രാഥമിക നിഗമനമെങ്കിലും റെയിൽവേ ഇക്കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണം നൽകിയിട്ടില്ല.
സംഭവമറിഞ്ഞ ഉടൻ തന്നെ റെയിൽവേ ഉദ്യോഗസ്ഥരും അഗ്നിശമനസേനയും സ്ഥലത്തെത്തി തീയണച്ചു. നിലവിൽ സ്ഥിതിഗതികൾ പൂർണ്ണമായും നിയന്ത്രണവിധേയമാണെന്ന് അധികൃതർ അറിയിച്ചു.
















