ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട യുവതിയുടെ മാല പൊട്ടിച്ചോടിയ യുവാവിനെ പൊലീസ് പിടികൂടി. കോഴിക്കോട് സ്വദേശിയായ യദുകൃഷ്ണൻ (24) ആണ് പിടിയിലായത്. കൊല്ലം വിളക്കുടി ഇളമ്പലിലായിരുന്നു കേസിനാസ്പദമായ സംഭവം. കരവാളൂർ സ്വദേശിനിയായ യുവതി ഇളമ്പലിലെ ബന്ധുവീട്ടിൽ എത്തിയപ്പോഴാണ് സംഭവം നടന്നത്. ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട യുവതിയെ കാണാനാണ് യദുകൃഷ്ണൻ കോഴിക്കോട് നിന്നും കൊല്ലത്തെത്തിയത്.
ഇരുവരും ഒരുമിച്ച് നടന്നുപോകുന്നതിനിടെ യുവാവ് യുവതിയുടെ മാല പൊട്ടിച്ച് കടന്നുകളയുകയായിരുന്നു. യുവതി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് നടത്തിയ അന്വേഷണത്തിൽ പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ നിർണ്ണായകമായി.
യുവതിയും പ്രതിയും ഒരുമിച്ച് നടന്നുപോകുന്ന ദൃശ്യങ്ങൾ പോലീസിന് ലഭിച്ചു. ഈ ദൃശ്യങ്ങൾ മുൻനിർത്തി നടത്തിയ ചോദ്യം ചെയ്യലിൽ യുവതി തന്നെയാണ് പ്രതിയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ നൽകിയത്. സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു.
















