ഡൽഹി അന്താരാഷ്ട്ര വിമാനത്താവളത്തിൽ സൂറിച്ചിലേക്ക് പറന്നുയരാൻ തയ്യാറെടുത്ത വിമാനത്തിന് തീപിടിച്ചു. സ്വിസ് എയറിന്റെ LX147 വിമാനമാണ് ടേക്ക് ഓഫിനിടെ എൻജിൻ തകരാറിനെത്തുടർന്ന് അപകടത്തിൽപ്പെട്ടത്. പൈലറ്റിന്റെ സമയോചിതമായ ഇടപെടലിലൂടെ വൻ ദുരന്തം ഒഴിവായെങ്കിലും, ഒഴിപ്പിക്കൽ നടപടിക്കിടെ ആറ് യാത്രക്കാർക്ക് പരിക്കേറ്റു.
പുലർച്ചെ ഒരു മണിയോടെയായിരുന്നു സംഭവം. 228 മുതിർന്ന യാത്രക്കാരും നാല് കുട്ടികളും ഉൾപ്പെടെ 232 പേരാണ് വിമാനത്തിലുണ്ടായിരുന്നത്. റൺവേയിലൂടെ അതിവേഗം കുതിച്ചുയരാൻ ശ്രമിക്കുന്നതിനിടെ വിമാനത്തിന്റെ ഒരു എൻജിനിൽ പെട്ടെന്ന് തകരാർ സംഭവിക്കുകയും പുക ഉയരുകയുമായിരുന്നു. ഇതോടെ ലാൻഡിങ് ഗിയറിന് സമീപം തീ പടരുന്നത് ശ്രദ്ധയിൽപ്പെട്ട പൈലറ്റ് ഉടൻ തന്നെ ടേക്ക് ഓഫ് നടപടികൾ നിർത്തിവെച്ചു.
എമർജൻസി സ്ലൈഡുകൾ വഴി യാത്രക്കാരെയും ജീവനക്കാരെയും പുറത്തെത്തിക്കാനുള്ള നടപടികൾ മിനിറ്റുകൾക്കുള്ളിൽ പൂർത്തിയാക്കി. ഇതിനിടയിലാണ് ആറ് പേർക്ക് നിസാര പരിക്കേറ്റത്. പരിക്കേറ്റവരെ ഉടൻ തന്നെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിലവിൽ ഇവരുടെ പരിക്ക് ഗുരുതരമല്ലെന്നാണ് റിപ്പോർട്ടുകൾ.
















