വൈറ്റ് ഹൗസ് മാധ്യമപ്രവർത്തകരുടെ വാർഷിക വിരുന്നിനിടെ ഉണ്ടായ അപ്രതീക്ഷിത വെടിവെപ്പിൽ നടുക്കം രേഖപ്പെടുത്തി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. താൻ രാജ്യത്തിന് വേണ്ടി ഒരുപാട് കാര്യങ്ങൾ ചെയ്തിട്ടുണ്ടെന്നും അത്തരത്തിൽ പ്രവർത്തിക്കുന്നവരെയാണ് അക്രമികൾ എപ്പോഴും ലക്ഷ്യമിടുന്നതെന്നും സംഭവത്തിന് ശേഷം നടത്തിയ വാർത്താ സമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു. സുരക്ഷാ ഉദ്യോഗസ്ഥരുടെ സമയോചിതമായ ഇടപെടൽ വലിയൊരു ദുരന്തം ഒഴിവാക്കിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സംഭവവുമായി ബന്ധപ്പെട്ട് തെക്കൻ കാലിഫോർണിയയിൽ നിന്നുള്ള കോൾ തോമസ് അലൻ എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. 31 വയസുകാരനായ ഇയാൾ ഒരു അധ്യാപകനായും വീഡിയോ ഗെയിം ഡെവലപ്പറായും പ്രവർത്തിച്ചുവരികയായിരുന്നു എന്നാണ് പ്രാഥമിക വിവരം. വാഷിംഗ്ടൺ ഹിൽട്ടൺ ഹോട്ടലിലെ സുരക്ഷാ പരിശോധനയ്ക്കിടെയാണ് ഇയാൾ വെടിയുതിർത്തത്. പ്രതിയെ പിടികൂടിയതായും സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണെന്നും അറിയിച്ചു.
വെടിവെപ്പിന് പിന്നിൽ ഇറാനുമായുള്ള യുദ്ധത്തിനോ ഇസ്ലാമാബാദിൽ നടന്ന ചർച്ചയുടെ പരാജയത്തിനോ എന്തെങ്കിലും ബന്ധമുണ്ടോ എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന്, നിലവിൽ അങ്ങനെ കരുതുന്നില്ലെന്നായിരുന്നു ട്രംപിന്റെ മറുപടി. “ഇക്കാര്യത്തിൽ കൂടുതൽ വ്യക്തത വരേണ്ടതുണ്ട്. ഇപ്പോൾ ലഭ്യമായ വിവരങ്ങൾ വെച്ച് ഇറാൻ ബന്ധമുണ്ടെന്ന് തോന്നുന്നില്ല. എങ്കിലും സമഗ്രമായ അന്വേഷണത്തിന് ശേഷം മാത്രമേ അന്തിമ നിഗമനത്തിൽ എത്താൻ കഴിയൂ,” ട്രംപ് വ്യക്തമാക്കി.
“ഇറാനിലെ യുദ്ധം ജയിക്കുന്നതിൽ നിന്ന് ഈ സംഭവം എന്നെ പിന്തിരിപ്പിക്കില്ല. ഇതിന് ഇറാൻ യുദ്ധവുമായി ബന്ധമുണ്ടോ എന്ന് എനിക്കറിയില്ല, എന്നാൽ അമേരിക്കയുടെ ലക്ഷ്യങ്ങളിൽ നിന്ന് ഒരടി പിന്നോട്ടില്ല,” അദ്ദേഹം കർക്കശമായി പറഞ്ഞു.
















