തൊണ്ടിമുതൽ തിരിമറി കേസിൽ മുൻ മന്ത്രിയും നിലവിലെ എം.എൽ.എയുമായ ആന്റണി രാജുവിന് സുപ്രീംകോടതിയിൽ നിന്ന് കനത്ത തിരിച്ചടി. കേസിൽ തനിക്ക് ലഭിച്ച മൂന്ന് വർഷത്തെ തടവ് ശിക്ഷ മരവിപ്പിക്കണമെന്നും ഹൈക്കോടതി നടത്തിയ പരാമർശങ്ങൾ നീക്കണമെന്നും ആവശ്യപ്പെട്ട് നൽകിയ ഹർജി കോടതി തള്ളി. ജസ്റ്റിസ് ദീപ്പാങ്കർ ദത്ത അധ്യക്ഷനായ ബെഞ്ചാണ് അപ്പീലിൽ വിധി പറഞ്ഞത്.
ശിക്ഷാവിധി സ്റ്റേ ചെയ്യണമെന്ന ആവശ്യം നേരത്തെ ഹൈക്കോടതി സിംഗിൾ ബെഞ്ച് നിരാകരിച്ചിരുന്നു. ഇതിനെതിരെയാണ് ആന്റണി രാജു സുപ്രീംകോടതിയെ സമീപിച്ചത്. എന്നാൽ, ഹൈക്കോടതിയുടെ മുൻ ഉത്തരവിൽ ഇടപെടാൻ സുപ്രീംകോടതി തയ്യാറായില്ല. കുറ്റകൃത്യത്തിന്റെ സ്വഭാവം ഗൗരവകരമാണെന്നും നീതിന്യായ വ്യവസ്ഥയുടെ വിശ്വാസ്യതയെ ബാധിക്കുന്ന ഇത്തരം കേസുകളിൽ വിട്ടുവീഴ്ച സാധ്യമല്ലെന്നുമുള്ള കീഴ്ക്കോടതികളുടെ നിരീക്ഷണം സുപ്രീംകോടതിയും ശരിവെച്ചു.
നെടുമങ്ങാട് കോടതി വിധിച്ച മൂന്ന് വർഷത്തെ തടവ് ശിക്ഷ മരവിപ്പിക്കാത്ത സാഹചര്യത്തിൽ ജനപ്രാതിനിധ്യ നിയമപ്രകാരമുള്ള അയോഗ്യത ആന്റണി രാജുവിന് തുടരും. രണ്ടുവർഷത്തിൽ കൂടുതൽ തടവുശിക്ഷ ലഭിച്ചവർക്ക് തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിന് നിയമപരമായ വിലക്കുണ്ട്. നേരത്തെ തിരുവനന്തപുരം സെഷൻസ് കോടതിയും ശിക്ഷ മരവിപ്പിക്കണമെന്ന ആവശ്യം തള്ളിയിരുന്നു. ഇതോടെ വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളിൽ മത്സരിക്കാനുള്ള ആന്റണി രാജുവിന്റെ നീക്കങ്ങൾക്ക് കോടതി വിധി വലിയ തടസ്സമാകും.
















