ഇടുക്കി പച്ചടിയിൽ മാസങ്ങളായി കാണാതായ അമ്മയെയും മകനെയും കൊലപ്പെടുത്തി വീടിന് സമീപം കുഴിച്ചുമൂടിയതായി സംശയം. പച്ചടി സ്വദേശിനി മേരിക്കുട്ടി, മകൻ റെജി എന്നിവരെയാണ് കഴിഞ്ഞ ഒരു മാസമായി കാണാതായത്. സംഭവത്തിൽ മേരിക്കുട്ടിയുടെ ഇളയ മകനെ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം ഊർജിതമാക്കി.
ഈ മാസം രണ്ടാം തീയതി മുതലാണ് മേരിക്കുട്ടിയെയും റെജിയെയും കാണാതാകുന്നത്. വീട്ടിൽ ഇവർക്കൊപ്പം താമസിച്ചിരുന്ന ഇളയ മകനോട് മറ്റ് സഹോദരങ്ങൾ വിവരം തിരക്കിയെങ്കിലും പരസ്പരവിരുദ്ധമായ മറുപടികളാണ് ലഭിച്ചത്. സംശയം തോന്നിയ മേരിക്കുട്ടിയുടെ മകൾ ഇന്നലെ നെടുങ്കണ്ടം പോലീസിൽ പരാതി നൽകുകയായിരുന്നു. ഇതേത്തുടർന്ന് പോലീസ് സംഘം വീട്ടിലെത്തി പരിശോധന നടത്തിയതോടെയാണ് ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ പുറത്തുവന്നത്.
പോലീസ് സംഘം വീട്ടിലെത്തിയ ഉടൻ 45 വയസ്സുകാരനായ ഇളയ മകൻ ഓടി രക്ഷപ്പെട്ടു. ഇതോടെ സംശയം ബലപ്പെട്ട പോലീസ് വീടിന്റെ പരിസരത്ത് നടത്തിയ വിശദമായ പരിശോധനയിലാണ് മനുഷ്യന്റേതെന്ന് സംശയിക്കുന്ന ശരീരഭാഗങ്ങൾ കണ്ടെത്തിയത്. അടുക്കള ഭാഗത്തോടു ചേർന്ന സ്ഥലത്ത് മൃതദേഹം കുഴിച്ചുമൂടിയ നിലയിലാണെന്നാണ് പ്രാഥമിക നിഗമനം.
കണ്ടെത്തിയ ശരീരഭാഗങ്ങൾ കാണാതായ മേരിക്കുട്ടിയുടേതാണോ റെജിയുടേതാണോ എന്ന കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണം ലഭിച്ചിട്ടില്ല. ഫോറൻസിക് വിദഗ്ധരും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി വിശദമായ പരിശോധന നടത്തിയ ശേഷമേ കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്താനാകൂ എന്ന് പോലീസ് അറിയിച്ചു. ഒളിവിൽ പോയ ഇളയ മകനായി പോലീസ് തിരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്.
















