സിനിമ-സീരിയൽ താരവും റിയാലിറ്റി ഷോ ഫെയിമുമായ ഷിയാസ് കരീമിനെതിരെ ഗുരുതര ആരോപണങ്ങളുമായി യുവതി. വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്നും പലപ്പോഴായി 49 ലക്ഷത്തോളം രൂപ തട്ടിയെടുത്തെന്നുമാണ് കൊച്ചിയിൽ താമസിക്കുന്ന ബിസിനസുകാരിയായ യുവതി പാലാരിവട്ടം പോലീസിൽ പരാതി നൽകിയിരിക്കുന്നത്. പരാതിയിൽ പോലീസ് പ്രാഥമിക അന്വേഷണം ആരംഭിച്ചു.
2023 ജൂണിൽ സോഷ്യൽ മീഡിയ വഴിയാണ് ഷിയാസ് കരീമിനെ പരിചയപ്പെട്ടതെന്ന് യുവതി പരാതിയിൽ പറയുന്നു. സൗഹൃദം വളർന്നതോടെ 2024-ൽ ഇരുവരും ലിവിങ് റിലേഷനിലായി. ഈ കാലയളവിൽ പലപ്പോഴായി പത്തു ലക്ഷം രൂപ കൈക്കലാക്കി. പിന്നീട് യുവതിയുടെ കുടുംബസ്വത്ത് വിറ്റ വിവരം അറിഞ്ഞതോടെ, ജിം തുടങ്ങാനെന്ന പേരിൽ 22 ലക്ഷം രൂപ കൂടി വാങ്ങി. ജിമ്മിൽ പങ്കാളിയാക്കാമെന്നും ആജീവനാന്തം ഒപ്പം നിർത്താമെന്നും വാഗ്ദാനം നൽകിയാണ് തുക കൈക്കലാക്കിയതെന്നും പരാതിയിൽ വ്യക്തമാക്കുന്നു.
ആരോഗ്യപ്രശ്നങ്ങൾ മൂലം തന്റെ ഗർഭപാത്രം നീക്കം ചെയ്തതോടെ ഷിയാസിന്റെ നിലപാടിൽ മാറ്റം വന്നതായി യുവതി ആരോപിക്കുന്നു. തനിക്ക് മറ്റൊരു വിവാഹം കഴിക്കണമെന്ന് ആവശ്യപ്പെട്ട ഷിയാസ്, പിന്നീട് വിവാഹ വസ്ത്രങ്ങൾ വാങ്ങാനും സൽക്കാരത്തിനുമായി യുവതിയിൽ നിന്ന് വീണ്ടും പണം വാങ്ങി. എന്നാൽ വിവാഹശേഷവും താനുമായുള്ള ബന്ധം തുടർന്നെന്നും കൊച്ചിയിലെയും കോഴിക്കോട്ടെയും വിവിധ ഹോട്ടലുകളിൽ എത്തിച്ച് പീഡനത്തിന് ഇരയാക്കിയെന്നും യുവതി ആരോപിച്ചു. ഒടുവിൽ ബന്ധത്തിൽ നിന്ന് പിന്മാറാൻ ശ്രമിച്ചപ്പോൾ നഗ്നചിത്രങ്ങൾ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി വീണ്ടും പണം തട്ടിയതായും യുവതി പോലീസിനോട് പറഞ്ഞു.
യുവതിയുടെ പരാതി അടിസ്ഥാനരഹിതമാണെന്നാണ് ഷിയാസ് കരീമിന്റെ പ്രതികരണം. യുവതി തന്നിൽ നിന്ന് പലതവണ പണം വാങ്ങിയിട്ടുണ്ടെന്നും, ഈ തുക തിരികെ ചോദിച്ചപ്പോൾ കേസിൽ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തുകയായിരുന്നു എന്നുമാണ് ഷിയാസ് പറയുന്നത്. സംഭവത്തിൽ യുവതിക്കെതിരെ ഷിയാസ് കരീം പെരുമ്പാവൂർ പോലീസിൽ പരാതി നൽകിയിട്ടുണ്ട്.
















