ഇടുക്കി നെടുങ്കണ്ടത്തെ നടുക്കിയ ഇരട്ടക്കൊലപാതകക്കേസിൽ പ്രധാന പ്രതിയെന്ന് സംശയിക്കുന്ന സജി (52) പോലീസ് പിടിയിലായി. കൊലപാതകത്തിന് ശേഷം ഒളിവിൽ പോയ ഇയാളെ വീടിന് സമീപത്തെ തോട്ടത്തിൽ നിന്നാണ് പോലീസ് അതിസാഹസികമായി പിടികൂടിയത്. കൃത്യം നടത്തിയ ശേഷം കഴിഞ്ഞ രണ്ട് ദിവസമായി ഇയാൾ വീടിന് സമീപത്തെ വലിയ പാറയിടുക്കിൽ ഒളിച്ചുതാമസിക്കുകയായിരുന്നു.
പ്രതിക്കായി നാല് സംഘങ്ങളായി തിരിഞ്ഞ് പോലീസ് ഊർജിതമായ തിരച്ചിൽ നടത്തിവരികയായിരുന്നു. പോലീസ് നായയെയും ഡ്രോണുകളെയും ഉപയോഗിച്ചുള്ള പരിശോധനയ്ക്കിടെയാണ് പ്രതി കുടുങ്ങിയത്. ഡ്രോൺ ഉപയോഗിച്ചുള്ള നിരീക്ഷണം ശക്തമാക്കിയതോടെ ഒളിത്താവളം സുരക്ഷിതമല്ലെന്ന് കണ്ട് സ്ഥലം മാറാൻ ശ്രമിക്കുന്നതിനിടെ പോലീസ് ഇയാളെ വളയുകയായിരുന്നു.
അതേസമയം, കൊല്ലപ്പെട്ടത് മേരിക്കുട്ടിയും മകൻ റെജിയുമാണെന്ന് ബന്ധുക്കൾ സ്ഥിരീകരിച്ചു. മൃതദേഹങ്ങളിൽ അവശേഷിച്ചിരുന്ന വസ്ത്രങ്ങൾ കണ്ടാണ് ബന്ധുക്കൾ ഇവരെ തിരിച്ചറിഞ്ഞത്. എങ്കിലും, ശാസ്ത്രീയമായ സ്ഥിരീകരണത്തിനായി പോലീസ് ഡിഎൻഎ സാമ്പിളുകൾ ശേഖരിച്ചിട്ടുണ്ട്. കോട്ടയം മെഡിക്കൽ കോളേജിലെ പോസ്റ്റ്‌മോർട്ടം നടപടികൾക്ക് ശേഷം മൃതദേഹങ്ങൾ ബന്ധുക്കൾക്ക് വിട്ടുകൊടുത്തു.
















