സംസ്ഥാനത്ത് നിലവിലെ സാഹചര്യത്തിൽ ലോഡ്ഷെഡിങ് വേണ്ടിവരില്ലെന്ന് വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി. പീക്ക് സമയത്തെ അമിത ഉപഭോഗം കുറയ്ക്കാൻ സ്വയം നിയന്ത്രണം വേണമെന്നാണ് ഉന്നതതല യോഗത്തിലെ തീരുമാനം. ഇതുവഴി നിലവിലുള്ള ചെറിയ നിയന്ത്രണങ്ങൾ പോലും ഒഴിവാക്കാനാകുമെന്നാണ് സർക്കാർ കണക്കുകൂട്ടുന്നത്.
സംസ്ഥാനം നേരിടുന്നത് സമാനതകളില്ലാത്ത ഉഷ്ണതരംഗമാണെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. “വൈദ്യുതി പ്രതിസന്ധിയുടെ പേരിൽ ഇപ്പോൾ നടക്കുന്ന പ്രതിഷേധങ്ങൾ രാഷ്ട്രീയ പ്രേരിതമാണ്. പ്രകൃതി പ്രതിഭാസങ്ങളോട് നമുക്ക് എങ്ങനെ പ്രതിഷേധിക്കാൻ കഴിയും?” – മന്ത്രി ചോദിച്ചു. കഴിഞ്ഞ ദിവസങ്ങളിൽ ലഭിച്ച വേനൽമഴ വൈദ്യുതി ഉൽപ്പാദനത്തിലും ലഭ്യതയിലും നേരിയ ഗുണം ചെയ്തിട്ടുണ്ടെന്നും കൂടുതൽ കറന്റ് ലഭ്യമായിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വിഷയത്തിൽ അന്തിമ നിലപാട് നാളെ ചേരുന്ന കെ.എസ്.ഇ.ബി ബോർഡ് യോഗത്തിന് ശേഷം ഉണ്ടാകും. നാളത്തെ യോഗം സ്ഥിതിഗതികൾ വിലയിരുത്തിയ ശേഷം തുടർ നടപടികൾ പ്രഖ്യാപിക്കും. അതുവരെ ലോഡ്ഷെഡിങ് ഉണ്ടാവില്ലെന്നാണ് മന്ത്രിയുടെ ഉറപ്പ്.
















