ഒഡിഷയിലെ കെയ്ഞ്ചോർ ജില്ലയിൽ മരിച്ച സഹോദരിയുടെ അക്കൗണ്ടിലെ പണം പിൻവലിക്കാനായി അസ്ഥികൂടവുമായി ബാങ്കിലെത്തിയ സംഭവത്തിൽ വിശദീകരണവുമായി ഒഡിഷ ഗ്രാമീൺ ബാങ്ക് രംഗത്തെത്തി.
തങ്ങൾ അക്കൗണ്ട് ഉടമ നേരിട്ട് വരണമെന്ന് നിർബന്ധിച്ചിട്ടില്ലെന്നും ആവശ്യമായ രേഖകൾ ഹാജരാക്കാൻ മാത്രമാണ് നിർദ്ദേശിച്ചതെന്നുമാണ് ബാങ്ക് അധികൃതരുടെ വാദം.
50-കാരനായ ജിതു മുണ്ടയ്ക്ക് ബാങ്ക് നടപടിക്രമങ്ങളെക്കുറിച്ച് വ്യക്തമായ ധാരണയില്ലാത്തതാണ് ഇത്തരമൊരു ദുരവസ്ഥയ്ക്ക് കാരണമായതെന്നാണ് അധികൃതർ നൽകുന്ന വിശദീകരണം. മരിച്ചുപോയ തന്റെ സഹോദരി കൽറ മുണ്ടയുടെ അക്കൗണ്ടിലുള്ള 19,300 രൂപ പിൻവലിക്കാനാണ് ജിതു മുണ്ട അസ്ഥികൂടവുമായി ബാങ്കിലെത്തിയത്.
അക്കൗണ്ട് ഉടമ വരാതെ പണം നൽകാനാവില്ലെന്ന് ജീവനക്കാർ പറഞ്ഞതിനാലാണ് ഈ കടുംകൈ ചെയ്തതെന്ന് ഇദ്ദേഹം പറയുന്നു. പെൻഷൻ ഇനത്തിലും മറ്റുമായി ലഭിച്ച ഈ തുക കടുത്ത ദാരിദ്ര്യത്തിൽ കഴിയുന്ന തന്റെ കുടുംബത്തിന് വലിയ ആശ്വാസമാകുമെന്ന് ജിതു മുണ്ട കരുതിയിരുന്നു. മൂന്ന് കിലോമീറ്ററോളം ദൂരം അസ്ഥികൂടം ചുമന്നാണ് ഇദ്ദേഹം ബാങ്കിലെത്തിയത്.
















