അമേരിക്കയിലെ ടെക്സസിൽ മൂന്ന് വയസ്സുകാരിയെയും അമ്മയെയും ക്രൂരമായി മർദ്ദിച്ച സംഭവത്തിൽ ഇന്ത്യൻ പൗരൻ പിടിയിലായി. അഥർവ വ്യാസ് (24) എന്ന യുവാവിനെയാണ് സാൻ അന്റോണിയോ പോലീസ് അറസ്റ്റ് ചെയ്തത്.
ഗബ്രിയേല പെരസ് എന്ന യുവതി തന്റെ മൂന്ന് വയസ്സുകാരിയായ മകളുമായി പാർക്കിലൂടെ നടന്നുപോകുമ്പോഴാണ് അപ്രതീക്ഷിതമായി ആക്രമണം ഉണ്ടായത്. പിന്നിലൂടെ എത്തിയ പ്രതി ഗബ്രിയേലയുടെ മുടിയിൽ കുത്തിപ്പിടിച്ച് അതിശക്തമായി വലിച്ചു താഴെയിടുകയായിരുന്നു. ഈ ആഘാതത്തിൽ അമ്മയും കുഞ്ഞും നിലത്തു വീണു. തുടർന്ന് നിലത്തുവീണ കുഞ്ഞിനെ പ്രതി ക്രൂരമായി ഉപദ്രവിക്കാൻ ശ്രമിച്ചു. അക്രമത്തിൽ കുഞ്ഞിന്റെ രണ്ട് പല്ലുകൾ നഷ്ടപ്പെടുകയും ശരീരമാസകലം പരിക്കേൽക്കുകയും ചെയ്തു. കുട്ടിയുടെ ശരീരത്തിൽ കടിയേറ്റ പാടുകളുണ്ടെന്നും പോലീസ് റിപ്പോർട്ടിൽ പറയുന്നു.
അക്രമം നടക്കുന്നത് കണ്ടുനിന്ന ഒരാൾ ഉടൻ തന്നെ ഇടപെടുകയും പ്രതിയെ കീഴ്‌പ്പെടുത്തി കെട്ടിയിടുകയുമായിരുന്നു. ഇയാളാണ് പോലീസിനെ വിവരമറിയിച്ചത്. ഉദ്യോഗസ്ഥർ സംഭവസ്ഥലത്തെത്തുമ്പോൾ ദൃക്‌സാക്ഷിയുടെ നിയന്ത്രണത്തിലായിരുന്നു പ്രതി. പ്രതിയുടെ ക്രൂരതയിൽ പരിക്കേറ്റ കുട്ടി നിലവിൽ ചികിത്സയിലാണ്.
















