കന്നഡ സൂപ്പർ താരം യഷിനെ നായകനാക്കി ഗീതു മോഹൻദാസ് ഒരുക്കുന്ന ബ്രഹ്മാണ്ഡ ചിത്രം ‘ടോക്സിക്കി’ന്റെ റിലീസ് വീണ്ടും മാറ്റി. വിദേശത്തു വച്ച് നടന്ന സിനിമാകോൺ ഇവന്റിൽ സിനിമയ്ക്കു ലഭിച്ച വരവേൽപ്പ് ആണ് ചിത്രത്തിന്റെ റിലീസ് നീളാൻ കാരണം. രാജ്യാന്തരതലത്തിലുള്ള സ്റ്റുഡിയോസ് സിനിമയിൽ താൽപര്യം പ്രകടിപ്പിച്ചെന്നും ഇതിലൂടെ വിപുലമായ ഗ്ലോബൽ റിലീസിനുള്ള അവസരം ലഭിക്കുമെന്ന പ്രതീക്ഷയാണ് ഉള്ളതെന്നും നിർമാതാക്കൾ പറയുന്നു.
‘‘നേരത്തെ 2026 ജൂൺ 4-ന് റിലീസ് ചെയ്യാൻ തീരുമാനിച്ചിരുന്ന ചിത്രം, പുതിയ തീയതി ഉടൻ പ്രഖ്യാപിക്കുന്നതോടെ ലോകമെമ്പാടുമുള്ള തിയറ്ററുകളിൽ എത്തും. സിനിമാകോണിൽ ചിത്രത്തിന്റെ അവതരണത്തിന് ലഭിച്ച ശക്തവും പ്രോത്സാഹനപരവുമായ പ്രതികരണത്തെ തുടർന്നാണ് ഈ തീരുമാനമെടുത്തത്. ആഗോള വിതരണക്കാരും വ്യവസായ രംഗത്തുള്ളവരും ചിത്രത്തിന് മികച്ച പ്രതികരണമാണ് നൽകിയത്.
ഈ പ്രതികരണം രാജ്യാന്തര തലത്തിൽ വലിയ രീതിയിലുള്ള വിപുലമായ റിലീസിന് അവസരങ്ങൾ തുറന്നുകാട്ടിയിട്ടുണ്ട്. ഇത് റിലീസ് തന്ത്രം പുനരാലോചിക്കാനും പുനഃക്രമീകരിക്കാനും അണിയറ പ്രവർത്തകരെ പ്രേരിപ്പിച്ചു.’’–സിനിമാ ട്രേഡ് അനലിസ്റ്റ് ആയ തരൺ ആദർശ് പറയുന്നു.
‘‘ചില സിനിമകൾ നമ്മൾ ഉണ്ടാക്കുന്നു, മറ്റു ചിലത് നമ്മൾ സിനിമയെ സ്നേഹിക്കാൻ കാരണമായ കാര്യങ്ങൾ ഓർമ്മിപ്പിക്കുന്നു. ‘ടോക്സിക്’ അങ്ങനെയൊരു യാത്രയായിരുന്നു. CinemaCon-ൽ ഞങ്ങളുടെ സിനിമ അവതരിപ്പിക്കുകയും ലോകമെമ്പാടുമുള്ള വലിയ പ്രതികരണം കാണുകയും ചെയ്തപ്പോൾ ഞങ്ങൾ എപ്പോഴും വിശ്വസിച്ച കാര്യങ്ങൾ ഒരിക്കൽക്കൂടി വ്യക്തമായി – ഈ സിനിമയ്ക്ക് ലോകമെമ്പാടും അതിന്റെ പൂർണമായ സാധ്യതകളിൽ എത്താൻ അർഹതയുണ്ട്.
‘ടോക്സിക്’ പൂർത്തിയായി, നിലവിൽ ഞങ്ങൾ ആഗോളതലത്തിലുള്ള വിതരണവും പങ്കാളിത്തവും ക്രമീകരിച്ചു വരികയാണ്. ഇതിന്റെ വെളിച്ചത്തിൽ, റിലീസ് സമയം പുനഃക്രമീകരിക്കാൻ ഞങ്ങൾ തീരുമാനിച്ചിരിക്കുന്നു. മുൻപ് അറിയിച്ചതുപോലെ ജൂൺ 4-ന് റിലീസ് ചെയ്യില്ലെങ്കിലും, പിന്നീട് ലോകമെമ്പാടും ഒരുമിച്ച് ഒരേസമയം റിലീസ് ചെയ്യും. ഉടൻ ലോകമെമ്പാടുമുള്ള തിയേറ്ററുകളിലെത്തും.
ഇന്ത്യൻ സിനിമ അലോകവേദിയിൽ വലിയ വാഗ്ദാനങ്ങളോടെ ചുവടുറപ്പിക്കുമ്പോൾ, ഓരോരുത്തർക്കും നിലവാരം ഉയർത്താനുള്ള ഉത്തരവാദിത്തമുണ്ട്. ഒരു നടൻ-നിർമാതാവ് എന്ന നിലയിൽ, ഇന്ത്യൻ സിനിമാ വ്യവസായത്തിനും നമ്മൾ എല്ലാവർക്കും വേണ്ടി എന്റെ ഭാഗം ചെയ്യാനുള്ള ഒരവസരമായി ഞാൻ ഇതിനെ കാണുന്നു, നമ്മുടെ സിനിമ ലോകത്തിൽ അതിന്റെ ഉദ്ദേശിച്ച ഫലത്തോടെ എത്തുന്നു എന്ന് ഉറപ്പുവരുത്താൻ സമയം കണ്ടെത്തുക എന്നതാണ് പ്രധാനം.
ഓരോ ചുവടിലും ഓരോ മാറ്റത്തിലും, നിങ്ങളുടെ പിന്തുണ എനിക്കൊപ്പമുണ്ടായിരുന്നു, ഞാൻ അതിനെ വലിയ കൃതജ്ഞതയോടെ കൊണ്ടുപോകുന്നു. ചില കഥകൾക്ക് ക്ഷമ ആവശ്യമാണ്. ചില യാത്രകൾക്ക് അത് നിർബന്ധമാണ്. ആസ്വദിക്കാനും ആഘോഷിക്കാനുമുള്ള ഒരു സിനിമ ഞങ്ങൾ വാഗ്ദാനം ചെയ്യുന്നു – ഇന്ത്യൻ സിനിമയ്ക്ക് അഭിമാനകരമായ ഒരു നിമിഷമായി നിലനിൽക്കുന്ന ഒരു സിനിമ.’’–യഷിന്റെ വാക്കുകൾ.
നേരത്തെ പശ്ചിമേഷ്യയിലെ സംഘർഷങ്ങൾ രൂക്ഷമായ പശ്ചാത്തലത്തിൽ ‘ടോക്സിക്കി’ന്റെ റിലീസ് മാര്‍ച്ച് 19ൽ നിന്ന് ജൂണ്‍ 4ലേക്ക് മാറ്റിയിരുന്നു. യഷ്, നയൻതാര, കിയാര അദ്വാനി, ഹുമ ഖുറേഷി, രുക്മിണി വസന്ത്, താര സുതാരിയ എന്നിവരാണ് ടോക്സിക്കിലെ പ്രധാന വേഷങ്ങളിൽ എത്തുന്നത്. യഷ് തിരക്കഥയെഴുതി ഗീതു മോഹൻദാസ് സംവിധാനം ചെയ്യുന്ന ചിത്രം കന്നഡയിലും ഇംഗ്ലിഷിലുമായാണ് ഒരേസമയം ചിത്രീകരിച്ചത്. കൂടാതെ ഹിന്ദി, തമിഴ്, തെലുങ്ക്, മലയാളം ഭാഷകളിൽ ചിത്രം മൊഴിമാറ്റിയും പ്രദർശനത്തിനെത്തും. കെവിഎൻ പ്രൊഡക്‌ഷൻസും മോൺസ്റ്റർ മൈൻഡ് ക്രിയേഷൻസും ചേർന്ന് നിർമിക്കുന്ന ‘ടോക്സിക്’ 400 കോടി ബജറ്റിലാണ് ഒരുക്കിയിരിക്കുന്നത്.
















