ബന്ധുക്കളും സുഹൃത്തുക്കളുമായ പെൺകുട്ടികളുടെ ചിത്രങ്ങൾ മോർഫ് ചെയ്ത് അശ്ലീല ഗ്രൂപ്പുകൾ വഴി വിൽപന നടത്തിയ സംഭവത്തിൽ മലപ്പുറം പരപ്പനങ്ങാടി സ്വദേശി നിതിൻ മോഹൻദാസിനെ പൊലീസ് അറസ്റ്റ് ചെയ്തു. സോഷ്യൽ മീഡിയയിൽ നിന്ന് ശേഖരിക്കുന്ന ചിത്രങ്ങൾ എഡിറ്റ് ചെയ്ത് വികൃതമാക്കിയ ശേഷം ടെലഗ്രാം വഴിയാണ് ഇയാൾ വിതരണം ചെയ്തിരുന്നത്.
അതീവ ഗൗരവകരമായ കുറ്റകൃത്യമാണ് പ്രതി നടത്തിയിരുന്നതെന്ന് പൊലീസ് വ്യക്തമാക്കുന്നു. വെറും അഞ്ച് വയസ്സുള്ള പിഞ്ചുകുഞ്ഞുങ്ങൾ മുതൽ നാൽപ്പത് വയസ്സിന് മുകളിലുള്ളവരുടെ ചിത്രങ്ങൾ വരെ ഇയാൾ ഇത്തരത്തിൽ ദുരുപയോഗം ചെയ്തിട്ടുണ്ട്. അടുപ്പക്കാരായ യുവതികളുടെയും കുട്ടികളുടെയും ഇൻസ്റ്റാഗ്രാം അക്കൗണ്ടുകളിൽ നിന്ന് ചിത്രങ്ങൾ കൈക്കലാക്കുകയായിരുന്നു പ്രതിയുടെ രീതി. തുടർന്ന് എഐ സാങ്കേതികവിദ്യയുടെ സഹായത്തോടെയോ അല്ലാതെയോ ഇവ മോർഫ് ചെയ്ത് പണം വാങ്ങി ടെലഗ്രാം ഗ്രൂപ്പുകളിൽ വിൽപന നടത്തുകയായിരുന്നു.
സൈബർ സെല്ലിന്റെ സഹായത്തോടെ നടത്തിയ വിശദമായ അന്വേഷണത്തിനൊടുവിലാണ് പരപ്പനങ്ങാടി പൊലീസ് ഇയാളെ കുടുക്കിയത്. നിതിൻ ഉപയോഗിച്ചിരുന്ന ഇലക്ട്രോണിക് ഉപകരണങ്ങൾ പരിശോധിച്ചതിൽ നിന്നും കുറ്റകൃത്യം ചെയ്തത് ഇയാൾ തന്നെയെന്ന് സ്ഥിരീകരിക്കുന്ന ഡിജിറ്റൽ തെളിവുകൾ ലഭിച്ചു.
















