കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫിന്റെ പേരിൽ വ്യാജ കത്ത് നിർമ്മിച്ച് പ്രചരിപ്പിച്ച കേസിൽ കോൺഗ്രസ് പ്രവർത്തകസമിതി അംഗം കെ. സുധാകരൻ എംപിയുടെ മരുമകൻ അജിത് കുമാറിനെ സൈബർ പോലീസ് ചോദ്യം ചെയ്തു. സുധാകരന്റെ സഹോദരി പുത്രനായ അജിത്തിനെ കണ്ണൂർ സൈബർ ക്രൈം പോലീസ് സ്റ്റേഷനിൽ വിളിച്ചുവരുത്തിയാണ് മൊഴി രേഖപ്പെടുത്തിയത്. കേസിലെ മറ്റ് പ്രതികളിൽ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു നടപടി.
നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയ്ക്ക് സണ്ണി ജോസഫ് അയച്ചതെന്ന വ്യാജേനയാണ് കത്ത് പ്രചരിച്ചത്. കെ. സുധാകരനെ കണ്ണൂർ സീറ്റിൽ മത്സരിപ്പിക്കരുതെന്നും പകരം മുൻ മേയർ ടി.ഒ. മോഹനനെ പരിഗണിക്കണമെന്നുമാണ് കത്തിലെ ഉള്ളടക്കം. കെപിസിസി പ്രസിഡന്റിന്റെ ഔദ്യോഗിക ലെറ്റർഹെഡ് മോഷ്ടിച്ചോ വ്യാജമായി നിർമ്മിച്ചോ ആണ് ഇത് തയ്യാറാക്കിയത്.
കണ്ണൂർ സീറ്റിലെ സ്ഥാനാർത്ഥി നിർണ്ണയവുമായി ബന്ധപ്പെട്ട് കോൺഗ്രസിൽ വലിയ തർക്കങ്ങൾ നിലനിന്നിരുന്നു. സുധാകരന്റെ സ്ഥാനാർത്ഥിത്വം ഇല്ലാതാക്കിയത് സണ്ണി ജോസഫ് ആണെന്ന് വരുത്തിത്തീർക്കാനും കോൺഗ്രസിനുള്ളിൽ ഭിന്നതയുണ്ടാക്കാനുമാണ് ഈ വ്യാജ കത്ത് നിർമ്മിച്ചതെന്ന് പോലീസ് കരുതുന്നു. ദിവസങ്ങൾ നീണ്ട നാടകീയ നീക്കങ്ങൾക്കൊടുവിലാണ് സുധാകരനെ മാറ്റി നിർത്തി ടി.ഒ. മോഹനനെ പാർട്ടി സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചത്.
സമൂഹമാധ്യമങ്ങളിൽ വ്യാജ കത്ത് പ്രചരിപ്പിച്ചതിന് കെ.കെ. ജോസഫ്, അബ്ദുൽ ഖാദർ എന്നിവർക്കെതിരെ പോലീസ് നേരത്തെ കേസെടുത്തിരുന്നു. ഇവരെ ചോദ്യം ചെയ്തപ്പോഴാണ് അജിത് കുമാറിലേക്ക് അന്വേഷണം നീണ്ടത്. എന്നാൽ, വാട്‌സ്ആപ്പ് ഗ്രൂപ്പുകളിൽ വന്ന സന്ദേശം മറ്റൊരാൾക്ക് ഫോർവേഡ് ചെയ്യുക മാത്രമാണ് താൻ ചെയ്തതെന്നാണ് അജിത് കുമാർ പോലീസിന് നൽകിയ മൊഴി.
കത്ത് വ്യാജമാണോ യഥാർത്ഥമാണോ എന്ന് തനിക്കറിയില്ലായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.തന്റെ പേരിൽ പുറത്തുവന്ന കത്ത് പൂർണ്ണമായും വ്യാജമാണെന്ന് ചൂണ്ടിക്കാട്ടി കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് തന്നെ നേരിട്ട് പോലീസിൽ പരാതി നൽകുകയായിരുന്നു. ഇതേത്തുടർന്നാണ് സൈബർ പോലീസ് ശാസ്ത്രീയമായ അന്വേഷണം ആരംഭിച്ചത്.
















