കർണാടകയിലെ നഴ്സിംഗ് കോളേജ് ഹോസ്റ്റലിൽ മലയാളി വിദ്യാർത്ഥിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. തിരുവനന്തപുരം അരുവിക്കര സ്വദേശി ആദിത്യൻ (19) ആണ് മരിച്ചത്. ബെംഗളൂരു ബി.ടി.എൽ സ്കൂൾ ഓഫ് നഴ്സിങ്ങിലെ രണ്ടാം വർഷ ബി.എസ്.സി നഴ്സിംഗ് വിദ്യാർത്ഥിയായിരുന്നു. മരണകാരണം വ്യക്തമല്ലെങ്കിലും പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ബുധനാഴ്ച ഉച്ചയോടെയാണ് ആദിത്യനെ ഹോസ്റ്റൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. നാല് വിദ്യാർത്ഥികൾ താമസിക്കുന്ന മുറിയിലായിരുന്നു ആദിത്യന്റെ താമസം. സഹപാഠികൾ ക്ലാസ് കഴിഞ്ഞ് തിരികെ എത്തിയപ്പോഴാണ് മുറിയിൽ തൂങ്ങിയ നിലയിൽ ആദിത്യനെ കണ്ടത്. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കോളേജ് അധികൃതർ ഉടൻ തന്നെ അരുവിക്കരയിലുള്ള ബന്ധുക്കളെ വിവരം അറിയിക്കുകയായിരുന്നു.
ആദിത്യന്റെ മരണത്തിൽ ബെംഗളൂരു പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനമെങ്കിലും ഇതിലേക്ക് നയിച്ച കാരണങ്ങൾ വ്യക്തമല്ല. മൃതദേഹം ബെംഗളൂരുവിലെ ആശുപത്രിയിൽ പോസ്റ്റ്‌മോർട്ടം നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും. തുടർന്ന് സംസ്‌കാര ചടങ്ങുകൾക്കായി മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് കുടുംബാംഗങ്ങൾ അറിയിച്ചു.
















