വേനൽച്ചൂടിന് ആശ്വാസമായി സംസ്ഥാനത്ത് മഴ കനക്കുന്നു. മധ്യ-തെക്കൻ കേരളത്തിൽ വരും ദിവസങ്ങളിൽ മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. ഇതിന്റെ ഭാഗമായി വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മഴയ്ക്കൊപ്പം തന്നെ മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗത്തിൽ വീശിയടിക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശിച്ചു.
മഴ ശക്തമാകാൻ സാധ്യതയുള്ളതിനാൽ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി എന്നീ ഏഴ് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ഉച്ചയ്ക്ക് ശേഷമുള്ള ഇടിമിന്നലോട് കൂടിയ മഴയ്ക്കാണ് കൂടുതൽ സാധ്യത. മലയോര മേഖലകളിൽ താമസിക്കുന്നവർ പ്രത്യേക ജാഗ്രത പുലർത്തണം.
നാളെ കോട്ടയം, ഇടുക്കി, മലപ്പുറം, വയനാട് ജില്ലകളിൽ കാലാവസ്ഥാ വകുപ്പ് യെല്ലോ അലർട്ട് നൽകിയിട്ടുണ്ട്. മറ്റന്നാൾ സംസ്ഥാനത്തെ ഏഴ് ജില്ലകളിൽ മഴ മുന്നറിയിപ്പുണ്ട്. മെയ് രണ്ടാം തീയതി വരെ വിവിധ ജില്ലകളിൽ മഴ തുടരുമെന്നാണ് നിലവിലെ പ്രവചനം. കഴിഞ്ഞ ദിവസങ്ങളിൽ ലഭിച്ച വേനൽമഴയേക്കാൾ കൂടുതൽ ശക്തിയോടെയാകും വരും ദിവസങ്ങളിൽ മഴയെത്തുക.
മഴയ്ക്കൊപ്പം മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയുള്ള ശക്തമായ കാറ്റ് വീശാൻ സാധ്യതയുള്ളതിനാൽ മരങ്ങൾ കടപുഴകി വീഴാനും പരസ്യബോർഡുകൾ തകരാനും സാധ്യതയുണ്ട്. തീരദേശവാസികളും മത്സ്യത്തൊഴിലാളികളും ജാഗ്രത പാലിക്കണം. ശക്തമായ ഇടിമിന്നൽ അനുഭവപ്പെടാൻ സാധ്യതയുള്ളതിനാൽ കാർമേഘങ്ങൾ കണ്ട് തുടങ്ങുമ്പോൾ തന്നെ സുരക്ഷിതമായ കെട്ടിടങ്ങളിലേക്ക് മാറണമെന്നും ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു.
















