ബുധനാഴ്ച (29.04.2026)യും വളരെ പരിമിതമായ വൈദ്യുതി നിയന്ത്രണം മാത്രമാണ് സംസ്ഥാനത്ത് വേണ്ടിവന്നതെന്ന് കെ.എസ്.ഇ.ബി. റെഗുലേറ്ററി കമ്മീഷൻ്റെ അനുമതി ലഭിച്ച 200 മെഗാവാട്ട് വൈദ്യുതിയും കേന്ദ്ര ഉത്പാദന നിലയങ്ങളിൽ നിന്നും അൺഷെഡ്യൂൾഡ് ആയി ലഭിച്ച 80 മെഗാവാട്ട് വൈദ്യുതിയും അധികമായി ലഭിച്ചതോടെ സംസ്ഥാനത്തിൻ്റെ ഭൂരിഭാഗം ഇടങ്ങളിലും ഇടതടവില്ലാതെ വൈദ്യുതി ലഭ്യമാക്കാൻ കെ എസ് ഇ ബിക്ക് കഴിഞ്ഞു. സംസ്ഥാനത്തിൻ്റെ മധ്യ, തെക്കൻ ഭാഗങ്ങളിൽ ലഭിച്ച വേനൽമഴ കാരണം വൈദ്യുതി ആവശ്യകതയിൽ നേരിയ കുറവുണ്ടായിട്ടുണ്ട്.
112.68 ദശലക്ഷം യൂണിറ്റായിരുന്നു ബുധനാഴ്ച സംസ്ഥാനത്തെ വൈദ്യുതി ഉപയോഗം. ചൊവ്വാഴ്ച ഇത് 116.5 ദശലക്ഷം യൂണിറ്റായിരുന്നു.ലൈൻ ഓവർലോഡ് കാരണം രാത്രി 10.30നുശേഷം മലബാർ മേഖലയിലെ ചുരുക്കം ചില പ്രദേശങ്ങളിൽ പരിമിതമായ തോതിൽ വൈദ്യുതി നിയന്ത്രണം വേണ്ടിവന്നിട്ടുണ്ട്. മധ്യ തെക്കൻ കേരളത്തിൽ നിയന്ത്രണം ആവശ്യമായി വന്നിട്ടില്ല.
















