കേരളം കാത്തിരിക്കുന്നത് ജനവിധിയുടെ അന്ത്യത്തിനാണ്. നാലാം തീയതി അത് അറിയാനാകും. രണ്ടു ടേം ഭരിച്ചിട്ടും ഒന്നും നേരേ ആയിട്ടില്ലെന്ന് പറഞ്ഞ്, തുടര്‍ച്ച വേണമെന്ന എല്‍.ഡി.എഫിന്റെ ന്യായം ജനം കേട്ടുവോ. അതോ, പറഞ്ഞതെല്ലാം പൊള്ളയും കള്ളവുമെന്ന് തിരിച്ചറിഞ്ഞ് ജനം സര്‍ക്കാരിനെ ശിക്ഷിക്കുമോ. ഇതാണ് അറിയേണ്ടത്. പ്രതിപക്ഷത്തിനോട് താല്‍പ്പര്യം ഉള്ളതു കൊണ്ട് സര്‍ക്കാരിനെ പരാജയപ്പെടുത്തി, എന്നു പറയാനാകില്ല. കാരണം, പ്രതിപക്ഷം കാണിക്കാന്‍ പോകുന്നതെന്താണെന്ന് കേരളം പണ്ടും കണ്ടതാണ്. അതിന്റെ പ്രതിഫലനമാണ് കഴിഞ്ഞ രണ്ടു ടേമിലെ പിണറായി വിജയന്‍ സര്‍ക്കാര്‍. അതുകൊണ്ട് പ്രതിപക്ഷത്തോട് അടങ്ങാത്ത ആവേശമുള്ളതുകൊണ്ടല്ല, സര്‍ക്കാരിലുള്ള വിശ്വാസം നഷ്ടപ്പെട്ടതു കൊണ്ടും ജനത്തെ മടുപ്പിച്ചതു കൊണ്ടുമാണ് ഈ മാറ്റം.
തോല്‍വി മാത്രമല്ല, സര്ക്കാരിലെ മന്ത്രിമാര്‍ക്ക് ജനം നല്‍കിയ മാര്‍ക്കു കൂടിയാണ് ഈ ജനവിധി. അിനു വഴിയൊരുക്കിയത് മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെയാണ്. അറിഞ്ഞു കൊണ്ട് ചെയ്തതല്ലെങ്കിലും, അതൊരു മാര്‍ക്കിടലിനാണ് ജനം തയ്യാറായത്. മൂന്നാം ടേമും കിട്ടാനുള്ള തന്ത്രമായാണ് പിണറായി വിജയന്‍ മന്ത്രിമാരെയെല്ലാം കളത്തിലിറക്കിയത്. എന്നാല്‍, ഇത് എക്‌സിറ്റ് പോളിലൂടെ തിരിച്ചറിഞ്ഞിരിക്കുന്നത്, ജനങ്ങള്‍ മന്ത്രിമാരെ കൈകാര്യം ചെയ്തുവെന്നു തന്നെയാണ്. എത്രമന്ത്രിമാര്‍ മുഖ്യമന്ത്രിക്കൊപ്പം ഒക്കച്ചങ്ങായിമാരായി നിയമസഭയിലേക്ക് എത്തും. ഇതാണ് പ്രസ്‌കതമായ ചോദ്യം. തിരഞ്ഞെടുപ്പ് പോരാട്ടത്തിനിറങ്ങിയ 20 മന്ത്രിമാരില്‍ മുഖ്യമന്ത്രി പിണറായി വിജയനടക്കം കേവലം മൂന്നുപേര്‍ക്കു മാത്രമാണ് എല്‍.ഡി.എഫ് കേന്ദ്രങ്ങള്‍ നൂറുശതമാനം വിജയസാധ്യത കല്‍പ്പിക്കുന്നത്.
മുഖ്യമന്ത്രിക്ക് പുറമെ ചെങ്ങന്നൂരിലെ സജി ചെറിയാനും എലത്തൂരിലെ എ.കെ. ശശീന്ദ്രനും കെ. രാജനും ജി.ആര്‍ അനിലും മാത്രമാണ് സുരക്ഷിതര്‍. മറ്റുള്ളവരുടെ വിധി ജനം തീരുമാനിച്ചു കഴിഞ്ഞുവെന്നുമാണ് എക്‌സിറ്റ്‌പോള്‍ ഫലങ്ങളും വോട്ടെടുപ്പിനു ശേഷമുള്ള വിശദമായ കൂട്ടലുകള്‍ക്കും കുറയ്ക്കലുകള്‍ക്കും ശേഷം എല്‍.ഡി.എഫ് കേന്ദ്രങ്ങള്‍ തന്നെ പറയുന്നത്. പിന്നെ, അട്ടിമറികളോ, വോട്ടു കച്ചവടങ്ങളോ, രാഷ്ട്രീയ സമവാക്യങ്ങളോ, അന്തര്‍ധാരകളോ സജീവമായി പ്രവര്‍ത്തിച്ചിട്ടുണ്ടെങ്കില്‍ എന്തും സംഭവിക്കും. ഇതിനിടയില്‍ ബി.ജെ.പിക്കും സീറ്റ് പ്രവചിക്കുന്നുണ്ട്. ആ സീറ്റുകള്‍ എല്‍.ഡി.എഫിന്റേതാണോ അതോ യു.ഡി.എഫിന്റേതാണോ എന്നതില്‍ മാത്രമേ സംശയമുള്ളൂ.
മന്ത്രിമാര്‍ കൂട്ടത്തോടെ പരാജയപ്പെടുമെന്ന പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ പരിഹാസം അക്ഷരാര്‍ത്ഥത്തില്‍ ശരിയാകുമോ എന്ന ആശങ്കയിലാണ് ഇപ്പോള്‍ സി.പി.എം. കേന്ദ്രങ്ങള്‍. തുടക്കത്തില്‍ ഈ വാദത്തെ പുച്ഛിച്ചു തള്ളിയെങ്കിലും, താഴെത്തട്ടില്‍ നിന്നുള്ള പുതിയ കണക്കുകള്‍ ഇടതുമുന്നണിയുടെ ആത്മവിശ്വാസം കെടുത്തുന്നതാണ്. എക്സിറ്റ് പോളുകള്‍ യു.ഡി.എഫിന് അനുകൂലമായതോടെ കോണ്‍ഗ്രസ് ക്യാമ്പില്‍ മുഖ്യമന്ത്രി ചര്‍ച്ചകള്‍ സജീവമായിക്കഴിഞ്ഞു. അതേസമയം, എക്സിറ്റ് പോള്‍ പ്രവചനങ്ങള്‍ നല്‍കിയ മങ്ങലില്‍ നിന്ന് മോചിതരാകാന്‍ എല്‍.ഡി.എഫിന് ഇതുവരെ കഴിഞ്ഞിട്ടില്ല.
സി.പി.എമ്മില്‍ നിന്ന് മുഖ്യമന്ത്രി കഴിഞ്ഞാല്‍ സജി ചെറിയാന്‍ മാത്രമാണ് വിജയമുറപ്പിച്ചവരുടെ പട്ടികയിലുള്ളത്. മന്ത്രിസഭയിലെ പ്രബലരായ പലരും കടുത്ത വെല്ലുവിളിയാണ് നേരിടുന്നത്. കൊട്ടാരക്കരയില്‍ കെ.എന്‍. ബാലഗോപാലിനും പത്തനാപുരത്ത് കെ.ബി. ഗണേഷ് കുമാറിനും വിജയിച്ചു കയറാമെന്ന പ്രതീക്ഷയുണ്ടെങ്കിലും ‘ഉറപ്പുള്ള സീറ്റുകളുടെ’ പട്ടികയില്‍ ഇവര്‍ ഇക്കുറിയില്ല. ബേപ്പൂരില്‍ മുഹമ്മദ് റിയാസ് കടുത്ത പോരാട്ടം നേരിട്ടതിനാല്‍ അദ്ദേഹത്തിന്റെ വിജയസാധ്യതയിലും പാര്‍ട്ടിക്ക് പൂര്‍ണ്ണമായ ഉറപ്പില്ല. തൃത്താലയില്‍ എം.ബി. രാജേഷും നേമത്ത് വി. ശിവന്‍കുട്ടിയും നേരിടുന്നത് പ്രവചനാതീതമായ മത്സരമാണ്. ആറന്മുളയില്‍ വീണ ജോര്‍ജ്, കളമശ്ശേരിയില്‍ പി. രാജീവ് എന്നിവരുടെ കാര്യത്തിലും സി.പി.എം. കേന്ദ്രങ്ങളില്‍ ആശങ്ക പ്രകടമാണ്. പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിന് ശേഷം വി.എന്‍. വാസവന്റെ മണ്ഡലത്തിലും കടുത്ത മത്സരമാണ് നടന്നത്. താനൂര്‍ വിട്ട് തിരൂരിലേക്ക് ഭാഗ്യം തേടിപ്പോയ വി. അബ്ദുറഹിമാന്റെ കാര്യത്തിലും ഇത്തവണ ഇടതു കേന്ദ്രങ്ങള്‍ നൂറു ശതമാനം ഉറപ്പ് പറയുന്നില്ല.
സി.പി.ഐയുടെ നാല് മന്ത്രിമാരും വിജയിക്കുമെന്ന് പാര്‍ട്ടി അവകാശപ്പെടുന്നുണ്ടെങ്കിലും ഒല്ലൂരില്‍ കെ. രാജനും നെടുമങ്ങാട് ജി.ആര്‍. അനിലിനും വിജയം ഉറപ്പാണ്. ഇടുക്കിയില്‍ റോഷി അഗസ്റ്റിന്‍, മാനന്തവാടിയില്‍ ഒ.ആര്‍. കേളു, കണ്ണൂരില്‍ രാമചന്ദ്രന്‍ കടന്നപ്പള്ളി, ഇരിങ്ങാലക്കുടയില്‍ ആര്‍. ബിന്ദു എന്നിവരുടെ രാഷ്ട്രീയ ഭാവി സുരക്ഷിതമല്ലെന്നാണ് സി.പി.എമ്മിന്റെ വിലയിരുത്തല്‍. ഭരണം നിലനിര്‍ത്താനാകുമോ എന്ന വലിയ ചോദ്യത്തിനൊപ്പം, മന്ത്രിസഭയിലെ എത്രപേര്‍ നിയമസഭ കാണും എന്നതും എല്‍.ഡി.എഫിന് ഇപ്പോള്‍ തലവേദനയായിരിക്കുകയാണ്. മെയ് നാലിന് ബാലറ്റുകള്‍ സംസാരിക്കുമ്പോള്‍ അത് കേരള രാഷ്ട്രീയത്തില്‍ പുതിയൊരു ചരിത്രമാകുമോ അതോ മന്ത്രിമാരുടെ പതനമാകുമോ എന്നാണ് രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നത്.
അതേസമയം, യു.ഡി.എഫില്‍ വിജയ പ്രതീക്ഷ ഉയര്‍ന്നതോടെ മുഖ്യമന്ത്രി കസേരയ്ക്കു വേണ്ടിയുള്ള ചര്‍ച്ചകള്‍ക്ക് തുടക്കമിട്ടിരിക്കുകയാണ്. കെ.സി. മുതല്‍ വി.ഡി. വരെയും, തരൂര്‍ മുതല്‍, ചെന്നിത്തല വരെയും അത് നീളുന്നുണ്ട്. കോണ്‍ഗ്രസില്‍ അടി തുടങ്ങാന്‍ പോകുന്നതേയുള്ളൂ എന്നാണ് റിപ്പോര്‍ട്ടുകള്‍. മുഖ്യമന്ത്രി കസേരയ്ക്കു വേണ്ടിയുള്ളതര്‍ക്കം തൊട്ട് മന്ത്രിമാര്‍ ആകുന്നതിനു വേണ്ടിയുള്ള സബ്മിനുകള്‍ ഇപ്പോഴേ വെച്ചു തുടങ്ങിയിട്ടുണ്ട്. എല്‍.ഡി.എഫ് മന്ത്രിമാര്‍ മത്സരിക്കുന്നിടത്ത് നില്‍ക്കുന്ന യു.ഡി.എഫ് സ്ഥാനാര്‍ത്ഥികള്‍ക്ക് കൂടുതല്‍ പരിഗണന വേണമെന്നും ചര്‍ച്ചകള്‍ നടക്കുകയാണ്.
















