നടന്‍ ഹരീഷ് കണാരനും പ്രൊഡക്ഷന്‍ കണ്‍ട്രോളറും നടനുമായ എന്‍ എം ബാദുഷയും ഒന്നിച്ചു നിൽക്കുന്ന ചിത്രമാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. ഇരുവരും തമ്മിലുള്ള സാമ്പത്തിക തര്‍ക്കം അടുത്ത കാലത്ത് വലിയ ചർച്ചയായി മാറിയിരുന്നു.
ബാദുഷ തന്നിൽ നിന്ന് 20 ലക്ഷം രൂപ കടം വാങ്ങിയെന്നും അത് തിരികെ നൽകാൻ തയ്യാറാകുന്നില്ലെന്നുമുള്ള ഹരീഷിന്റെ തുറന്നുപറച്ചിലാണ് ചർച്ചകൾക്ക് വഴിവച്ചത്.
കടം കൊടുത്ത പണം തിരികെ ചോദിച്ചതിന്‍റെ പേരിൽ ടൊവിനോ തോമസ് നായകനായ സിനിമയുൾപ്പെടെയുള്ള പ്രൊജക്ടുകളിൽ നിന്ന് തന്നെ ഒഴിവാക്കാൻ ബാദുഷ ഇടപെട്ടതായി ഹരീഷ് വെളിപ്പെടുത്തി. ബാദുഷ തന്നെ വഞ്ചിച്ചെന്നും ഇതിനെതിരെ നിയമനടപടികളുമായി മുന്നോട്ട് പോകുമെന്നും ഹരീഷ് കണാരൻ പറഞ്ഞിരുന്നു.
ആരോപണങ്ങളില്‍ മറുപടിയുമായി ബാദുഷയും രംഗത്തെത്തിയിരുന്നു. ഹരീഷ് പറയുന്നതു പോലെ 20 ലക്ഷം രൂപ വാങ്ങിയിട്ടില്ലെന്നും രണ്ട് തവണയായി 14 ലക്ഷം രൂപയാണ് വാങ്ങിയതെന്നും അതിൽ 7 ലക്ഷം രൂപ ഇതിനകം തിരികെ നൽകിയിട്ടുണ്ടെന്നും ബാദുഷ പത്രസമ്മേളനം നടത്തി പറഞ്ഞിരുന്നു.
ഇരുവരും തമ്മില്‍ സോഷ്യല്‍ മീഡിയ പോസ്റ്റുകളിലൂടെയുള്ള ആരോപണ പ്രത്യാരോപണങ്ങള്‍ ചര്‍ച്ചയായിരുന്നു. എന്നാല്‍ ഹരീഷും ബാദുഷയും തമ്മിലുള്ള പ്രശ്നങ്ങളെല്ലാം തീര്‍ന്നോ എന്നാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ ചോദിക്കുന്നത്. ബാദുഷ ഫെയ്സ്ബുക്കിൽ പങ്കുവച്ച ഒരു ഫോട്ടോയാണ് ഇത്തരം ചോദ്യങ്ങൾക്ക് കാരണമായിരിക്കുന്നത്.
ഹരീഷിന്‍റെ തോളില്‍ കയ്യിട്ട് നില്‍ക്കുന്ന ബാദുഷയുടെ ചിത്രമാണ് പുറത്തുവന്നിരിക്കുന്നത്. നടന്‍ നിര്‍മല്‍ പാലാഴിയുടെ ഗൃഹപ്രവേശ ചടങ്ങിനിടെ എടുത്ത ചിത്രം ബാദുഷ തന്നെയാണ് സോഷ്യല്‍ മീഡിയ വഴി പങ്കുവച്ചത്. ഇതോടെ പ്രശ്നങ്ങളെല്ലാം പറഞ്ഞുതീര്‍ത്തോ എന്നാണ് കമന്‍റില്‍ ചോദ്യമുയരുന്നത്.
അതേസമയം ഈ പോസ്റ്റിലും ‘ബട്ട് ക്യാഷ്’ കമന്‍റുകളിടുന്നുണ്ട് പലരും. ‘ക്യാഷ് കൊടുത്തോ’, ‘അപ്പോ നിങ്ങൾ സെറ്റ് ആയോ’, ‘കാലത്തിനു മായ്ക്കാൻ കഴിയാത്ത മുറിവുകളില്ല…’, ‘രണ്ടു പേരും കോംപ്ലിമെൻ്റ് ആയോ’- എന്നൊക്കെയാണ് പോസ്റ്റിന് താഴെ നിറയുന്ന കമന്റുകൾ.
















