നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഫലം ഇന്നറിയാം. 43 സ്ഥലങ്ങളിലായി 140 കേന്ദ്രങ്ങളിലായാണു വോട്ടെണ്ണൽ നടക്കുക. 8 മണിക്ക് വോട്ടെണ്ണൽ ആരംഭിക്കും. തപാൽ വോട്ടുകളാണ് ആദ്യം എണ്ണിത്തുടങ്ങുക.
30 മിനിറ്റിനു ശേഷം വോട്ടിങ് യന്ത്രങ്ങൾ എണ്ണുന്നത് ആരംഭിക്കും. ഓരോ യന്ത്രത്തിലെയും ഫലം ലഭിക്കാൻ 15 മിനിറ്റ് മതിയാകും. ഒരു റൗണ്ടിൽ 12 മുതൽ 14 വരെ ബൂത്തുകളാണു പരമാവധി എണ്ണുക. പരമാവധി 20 റൗണ്ടുകൾ മതിയാകും.
പതിറ്റാണ്ടുകള്‍ക്കിടെ കേരളം കണ്ട ഏറ്റവും വാശിയേറിയ നിയമസഭാതിരഞ്ഞെടുപ്പിന്‍റെ പരിസമാപ്തിയാണ് ഇന്ന് കുറിക്കുന്നത്. ചരിത്രംകുറിച്ച് രണ്ടുവട്ടം തുടര്‍ച്ചയായി അധികാരത്തിലെത്തിയ ഇടതുമുന്നണിയെ കേരളം ഒരുവട്ടം കൂടി അധികാരത്തിലേറ്റിയാല്‍ സമാനതകളില്ലാത്ത നേട്ടമാകും അത്.
ഒരുപതിറ്റാണ്ട് അധികാരത്തില്‍ നിന്ന് അകറ്റിനിര്‍ത്തപ്പെട്ട കോണ്‍ഗ്രസിനും യുഡിഎഫിനും ഈ തിരഞ്ഞെടുപ്പുഫലം നിലനില്‍പ്പിന്‍റെ പ്രശ്നമാണ്.
ബിജെപിക്ക് കിട്ടുന്ന ഏതുസീറ്റും കേരളത്തില്‍ അവരുടെ ഭാവി മുന്നേറ്റത്തിന് അടിത്തറയാകുകയും ചെയ്യും.
















