തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിൽ TVK അധ്യക്ഷൻ വിജയ് പരാജയപ്പെടുമെന്ന തരത്തിലുള്ള പ്രചാരണങ്ങളിലും എക്സിറ്റ് പോൾ ഫലങ്ങളിലും മനംനൊന്ത് ആരാധകൻ ആത്മഹത്യക്ക് ശ്രമിച്ചു. കൃഷ്ണഗിരി സ്വദേശിയായ മഹേന്ദ്രൻ ആണ് കഴുത്ത് മുറിച്ച് ജീവനൊടുക്കാൻ ശ്രമിച്ചത്.
ഗുരുതരമായി പരിക്കേറ്റ ഇയാളെ ഉടൻ തന്നെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിലവിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ കഴിയുന്ന ഇയാളുടെ ആരോഗ്യനില സംബന്ധിച്ച കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.
വർഷങ്ങളായി വിജയിയുടെ കടുത്ത ആരാധകനായ മഹേന്ദ്രൻ, തിരഞ്ഞെടുപ്പിൽ ടിവികെയുടെ വിജയത്തിനായി സജീവമായി രംഗത്തുണ്ടായിരുന്നു.
എന്നാൽ കഴിഞ്ഞ ദിവസം പുറത്തുവന്ന വിവിധ എക്സിറ്റ് പോളുകൾ ഡിഎംകെ സഖ്യത്തിന് വലിയ മുന്നേറ്റം പ്രവചിച്ചതും, വിജയ് മത്സരിച്ച മണ്ഡലത്തിൽ പിന്നിലാകുമെന്ന തരത്തിലുള്ള ചർച്ചകളും മഹേന്ദ്രനെ വലിയ മാനസിക വിഷമത്തിലാക്കിയിരുന്നതായി സുഹൃത്തുക്കൾ പറയുന്നു.
















