യുഡിഎഫ് തരംഗത്തിൽ പ്രമുഖ നേതാക്കളെല്ലാം പരാജയപ്പെട്ടതോടെ, നിയമസഭയിൽ പ്രതിപക്ഷത്തെ ആര് നയിക്കുമെന്ന കാര്യത്തിൽ സിപിഐഎമ്മിൽ ആശയവിനിമയം സജീവം. നാളെ ചേരുന്ന സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിൽ ഇത് സംബന്ധിച്ച് അന്തിമ തീരുമാനമുണ്ടാകും. കേന്ദ്രകമ്മിറ്റി അംഗം കെ.എൻ. ബാലഗോപാലിനാണ് സാധ്യത കൂടുതൽ.
ബാലഗോപാല്‍ ഏതെങ്കിലും തരത്തിലുള്ള അസൗകര്യം പ്രകടിപ്പിച്ചാല്‍ പിന്നെ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങളായ സജി ചെറിയാനും പി.എ. മുഹമ്മദ് റിയാസ് എന്നിവരാവും പരിഗണിക്കപ്പെടുക. ഇതില്‍ സജി ചെറിയാനാണ് പാര്‍ട്ടിയില്‍ സീനിയര്‍.
അതേസമയം നിയമസഭാ തെരഞ്ഞെടുപ്പിലെ കനത്ത തോൽവിയുടെ ആഘാതത്തിൽ അടിപതറിയിരിക്കുകയാണ് എൽഡിഎഫ്. ഭരണവിരുദ്ധ വികാരവും മുന്നണിയോടുള്ള ജനങ്ങളുടെ മടുപ്പും എല്ലാം വോട്ടെടുപ്പിൽ പ്രതിഫലിച്ചു എന്നാണ് പ്രാഥമിക വിലയിരുത്തൽ.
പാർട്ടി കോട്ടകളിൽ സമാനതകളില്ലാത്ത തിരിച്ചടിയാണ് സിപിഐഎം നേരിട്ടത്. സംഘടനാ തലത്തിൽ തിരുത്തി തുടങ്ങിയാൽ മാത്രമേ സിപിഐഎമ്മിന് തിരിച്ചുവരാൻ കഴിയുകയുള്ളു. നാളെ ചേരുന്ന സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് തോൽവിയുടെ കാരണങ്ങൾ ഒന്നൊന്നായി പരിശോധിക്കും.
















