മുഖ്യമന്ത്രി ചർച്ചകളിൽ പ്രതികരണവുമായി മുൻ കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ രംഗത്ത്. 2021-ൽ വി ഡി സതീശനെ പ്രതിപക്ഷ നേതാവായി തിരഞ്ഞെടുത്ത അതേ ജനാധിപത്യ രീതി തന്നെ മുഖ്യമന്ത്രിയെ നിശ്ചയിക്കുന്നതിലും പിന്തുടരണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
പാർലമെന്ററി പാർട്ടിയിലെ ഭൂരിപക്ഷം നോക്കി വേണം മുഖ്യമന്ത്രിയെ തീരുമാനിക്കാൻ. ഹൈക്കമാൻഡ് ഈ ഭൂരിപക്ഷ വികാരം അംഗീകരിക്കുന്നതാണ് കോൺഗ്രസിലെ രീതിയെന്ന് അദ്ദേഹം പറഞ്ഞു.
ഈ വിജയം ഏതെങ്കിലും ഒരു നേതാവിന്റെ മാത്രം മികവല്ല, മറിച്ച് പാർട്ടിയിലെയും മുന്നണിയിലെയും അഭൂതപൂർവ്വമായ ഐക്യത്തിന്റെ ഫലമാണ്. താൻ കെപിസിസി അധ്യക്ഷനായിരുന്ന കാലത്ത് പോലും ഇത്രയും വലിയ ഒരുമ കണ്ടിട്ടില്ലെന്ന് അദ്ദേഹം തുറന്നു പറഞ്ഞു.
കോഴിക്കോട് ജില്ലയിലെ എലത്തൂർ, ബാലുശ്ശേരി മണ്ഡലങ്ങളിലെ യുഡിഎഫ് വിജയം തന്നെ അത്ഭുതപ്പെടുത്തിയെന്നും ജനങ്ങൾ മാറ്റം ആഗ്രഹിച്ചുവെന്നതിന്റെ തെളിവാണിതെന്നും മുല്ലപ്പള്ളി കൂട്ടിച്ചേർത്തു.
















