വാഹനാപകടത്തിൽ അന്തരിച്ച നടൻ സന്തോഷ് കെ. നായരുടെ വേർപാടിൽ ആദരാഞ്ജലിയർപ്പിച്ച് നടന്മാരായ മോഹൻലാലും സുരേഷ് ഗോപിയും. കോളേജ് കാലംതൊട്ടേ നല്ലൊരു സുഹൃത്തും സഹോദരനുമായിരുന്നു തനിക്ക് സന്തോഷെന്ന് മോഹൻലാൽ കുറിച്ചു. സന്തോഷ് നായരുടെ വിയോഗം സൃഷ്ടിച്ച ശൂന്യത വാക്കുകൾക്കപ്പുറമാണെന്ന് സുരേഷ് ഗോപി ഫെയ്‌സ്ബുക്കിൽ കുറിച്ചു.
‘വെറുമൊരു ബന്ധുവിനോ സുഹൃത്തിനോ ഉപരിയായി, എന്റെ ജീവിതയാത്രയിൽ എപ്പോഴും കൂടെയുണ്ടായിരുന്ന സഹോദരതുല്യനായ ഒരാളായിരുന്നു സന്തോഷ്. പ്രിയപ്പെട്ടവന്റെ വിയോഗം സൃഷ്ടിച്ച ശൂന്യത വാക്കുകൾക്ക് അപ്പുറമാണ്. പ്രിയ സുഹൃത്തിന് കണ്ണീരോടെ വിട… ആത്മാവിന് നിത്യശാന്തി നേരുന്നു. ആദരാഞ്ജലികൾ’- എന്നായിരുന്നു സുരേഷ് ഗോപിയുടെ കുറിപ്പ്.
‘ഏറെ വിഷമിപ്പിക്കുന്ന ഒരു ദുഃഖവാർത്തയാണ് ഇന്ന് രാവിലെ കേട്ടത്. വ്യക്തിപരമായി ഒരുപാട് അടുപ്പമുള്ള പ്രിയപ്പെട്ട സന്തോഷ് ഒരു വാഹനാപകടത്തിൽ ഈ ലോകത്തോട് വിടപറഞ്ഞു. കോളേജിൽ എന്റെ ജൂനിയറായിരുന്നു സന്തോഷ്. ആ കാലം തൊട്ടേ നല്ലൊരു സുഹൃത്തും സഹോദരനുമായിരുന്നു അദ്ദേഹം എനിക്ക്. ഒട്ടനവധി സിനിമകളിൽ ഞങ്ങൾ ഒന്നിച്ചു പ്രവർത്തിച്ചിട്ടുണ്ട്. തലയെടുപ്പുള്ള വ്യക്തിത്വമായി, ഏവരുടേയും സ്‌നേഹം പിടിച്ചുപറ്റിയ നല്ലൊരു മനസ്സിന്റെയുടമ. സന്തോഷിന്റെ അകാലത്തിലുള്ള വേർപാടിൽ വേദനയോടെ ആദരാഞ്ജലികൾ’- മോഹൻലാൽ അനുശോചിച്ചു.
അടൂർ എം.സി. റോഡിൽ പുതുശ്ശേരി ഭാഗത്ത് ട്രക്കും ഇന്നോവയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിലാണ് നടൻ സന്തോഷ് കെ. നായർ മരിച്ചത്. ഭാര്യയ്ക്ക് ഗുരുതര പരിക്കുണ്ട്. ചൊവ്വാഴ്ച രാവിലെ 6.15-നാണ് അപകടം. തിരുവനന്തപുരത്ത് നിന്നും കോട്ടയം ഭാഗത്തേക്ക് പോവുകയായിരുന്നു സന്തോഷ് നായരും ഭാര്യയും. സന്തോഷാണ് വാഹനം ഓടിച്ചത്.
നടൻ സഞ്ചരിച്ച ഇന്നോവ കാർ എതിരെവന്ന ട്രക്കുമായി കൂട്ടിയിടിച്ചു. കാർ വെട്ടിപ്പൊളിച്ചാണ് സന്തോഷിനേയും ഭാര്യയേയും പുറത്തെടുത്തത്. നാട്ടുകാർ ഉടനെ അടൂരിലുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു. ട്രക്ക് ഡ്രൈവർക്കും പരിക്കുണ്ട്.
വില്ലനായും കൊമേഡിയനായും സഹനടനായും നായകനായും നൂറിലേറെ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. പി.ജി. വിശ്വംഭരൻ സംവിധാനം ചെയ്ത ഇതു ഞങ്ങളുടെ കഥ എന്ന ചിത്രത്തിലൂടേയാണ് സിനിമാ അരങ്ങേറ്റം. 1982 മുതൽ അഭിനയരംഗത്ത് സജീവമാണ്. ഇരുപതാം നൂറ്റാണ്ടിൽ മോഹൻലാലിനൊപ്പമുള്ള വേഷം ശ്രദ്ധിക്കപ്പെട്ടു. മോഹിനിയാട്ടമാണ് ഏറ്റവും ഒടുവിലിറങ്ങിയ ചിത്രം.
















