തമിഴ്നാട് നിയമസഭ തെരഞ്ഞെടുപ്പിൽ വൻ വിജയം നേടിയ നടൻ വിജയ്‌ക്കും തമിഴക വെട്രി കഴക (ടിവികെ)ത്തിനും അഭിനന്ദനങ്ങളുമായി നടൻ മോഹൻലാൽ. സോഷ്യൽ മീഡിയ പോസ്റ്റിലൂടെ ആണ് അദ്ദേഹം വിജയ്‌യ്ക്ക് ആശംസകൾ അറിയിച്ചത്. നേരത്തെ തമിഴ്നാട്ടിലെയും കേരളത്തിലെയും നിരവധി പ്രമുഖർ വിജയ്‌യെ അഭിനന്ദിച്ച് രംഗത്തെത്തിയിരുന്നു.
Congratulations, dear Vijay, on this wonderful victory. The people have chosen you; their trust is a true honour. I am sure you will wear it with pride and purpose as you embark on this new journey of service. My best wishes to you and your team. @TVKVijayHQ
— Mohanlal (@Mohanlal) May 4, 2026
രാഷ്ട്രീയ സേവനത്തിലേക്ക് ഇറങ്ങുന്ന തന്റെ സുഹൃത്തിന് എല്ലാവിധ പിന്തുണയും വാഗ്ദാനം ചെയ്തു കൊണ്ടാണ് മോഹൻലാലിന്റെ കുറിപ്പ്. ‘‘പ്രിയപ്പെട്ട വിജയ്, ഈ ഉജ്ജ്വല വിജയത്തിന് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ. ജനങ്ങൾ നിങ്ങളെ തെരഞ്ഞെടുത്തു കഴിഞ്ഞു; അവരുടെ ഈ വിശ്വാസം വലിയൊരു ബഹുമതിയാണ്.
സേവനത്തിന്റെ ഈ പുതിയ യാത്രയിൽ അഭിമാനത്തോടും വ്യക്തമായ ലക്ഷ്യത്തോടും കൂടി മുന്നേറാൻ നിങ്ങൾക്ക് കഴിയുമെന്ന് എനിക്ക് ഉറപ്പുണ്ട്. നിങ്ങൾക്കും നിങ്ങളുടെ ടീമിനും എന്റെ എല്ലാവിധ ആശംസകളും നേരുന്നു,’’ മോഹൻലാൽ കുറിച്ചു. നടൻ മമ്മൂട്ടിയും വിജയ്‌യെ അഭിനന്ദിച്ച് പോസ്റ്റ് പങ്കുവച്ചിരുന്നു.
“ഈ ശ്രദ്ധേയമായ വിജയത്തിന് ടിവികെയ്ക്കും വിജയ്ക്കും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ. സംസ്ഥാനത്തെ നയിക്കാൻ നിങ്ങൾ മുന്നോട്ട് വരുമ്പോൾ നിങ്ങൾക്ക് ശക്തിയും ദീർഘവീക്ഷണവും ഉണ്ടാകട്ടെ” എന്ന് ആശംസിക്കുന്നുവെന്നാണ് മമ്മൂട്ടി കുറിച്ചിരിക്കുന്നത്. അതേസമയം വിജയ് രാഷ്ട്രീയ പാർട്ടി പ്രഖ്യാപിച്ചതു മുതൽ വലിയ പിന്തുണയാണ് സിനിമാ ലോകത്തുനിന്നും ആരാധകർക്കിടയിൽ നിന്നും ലഭിച്ചുകൊണ്ടിരുന്നത്.
















