തിരുവനന്തപുരം: പ്രതിപക്ഷ നേതാവിനെ ചൊല്ലി സിപിഎമ്മിൽ തർക്കം. എൽഡിഎഫിന് പുതിയ മുഖങ്ങൾ ആവശ്യമാണെന്ന സിപിഐ എംപി പി സന്തോഷ് കുമാറിന്റെ പരാമർശങ്ങളെ തള്ളി സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം രംഗത്തെത്തി. പ്രതിപക്ഷ നേതാവിനെ തീരുമാനിക്കാനുള്ള അവകാശം സിപിഎമ്മിനാണെന്നും, ഈ വിഷയത്തിൽ സിപിഐക്ക് ഇടപെടാനാകില്ല എന്നുമാണ് ബിനോയ് വിശ്വത്തിന്റെ നിലപാട്. ഇതുസംബന്ധിച്ച് ചില മാധ്യമങ്ങൾ പ്രചരിപ്പിക്കുന്ന വാർത്തകൾ അടിസ്ഥാനരഹിതമാണെന്നും അദ്ദേഹം പറഞ്ഞു. ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
ഐഎഎൻഎസിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കവെയാണ് പുതിയ നേതൃത്വം വേണമെന്ന് പി സന്തോഷ് കുമാർ അഭിപ്രായപ്പെട്ടത്. നിലവിലെ രാഷ്ട്രീയ സാഹചര്യത്തിൽ പ്രതിപക്ഷത്തിന് പുതുമുഖ നേതൃത്വം വേണമെന്നായിരുന്നു സന്തോഷ് കുമാറിന്റെ നിലപാട്. തെരഞ്ഞെടുപ്പ് ഫലം അംഗീകരിക്കേണ്ടതുണ്ടെന്നും, എൽഡിഎഫ് അപമാനകരവും ലജ്ജാകരവുമായ തോൽവിയാണ് ഏറ്റുവാങ്ങിയതെന്നും അദ്ദേഹം തുറന്നുപറഞ്ഞു.
സർക്കാരിന്റെ പ്രവർത്തനം പല മേഖലകളിലും മികച്ചതായിരുന്നുവെങ്കിലും ജനങ്ങളുടെ ചില പ്രധാന പ്രശ്നങ്ങൾ ശരിയായി മനസിലാക്കാൻ മുന്നണിക്ക് സാധിച്ചില്ലെന്ന് സന്തോഷ് കുമാർ വിലയിരുത്തി. ഈ സാഹചര്യങ്ങളെ എൽഡിഎഫ് ഗൗരവമായി പരിശോധിക്കുമെന്നും, മുന്നോട്ടുള്ള യാത്രയ്ക്ക് വ്യക്തമായ പദ്ധതികളുമായി മുന്നണി എത്തുമെന്നും അദ്ദേഹം പറഞ്ഞു. പ്രതിപക്ഷ നേതാവടക്കമുള്ള സ്ഥാനങ്ങളിൽ പുതിയ തലമുറ നേതാക്കൾ വരേണ്ട സമയമാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പിൽ എൽഡിഎഫിന് കനത്ത തിരിച്ചടിയാണ് നേരിട്ടത്. യുഡിഎഫ് 102 സീറ്റുകൾ നേടി മൂന്നിൽ രണ്ട് ഭൂരിപക്ഷത്തോടെ അധികാരത്തിലെത്തി. എൽഡിഎഫിന് 35 സീറ്റുകളിലേക്കാണ് ചുരുങ്ങേണ്ടി വന്നത്. അതേസമയം, സംസ്ഥാന ചരിത്രത്തിൽ ആദ്യമായി എൻഡിഎ മൂന്ന് സീറ്റുകളിൽ വിജയം നേടി.
യുഡിഎഫിൽ കോൺഗ്രസ് 63, മുസ്ലിം ലീഗ് 22, കേരള കോൺഗ്രസ് 7 സീറ്റുകൾ നേടിയപ്പോൾ, എൽഡിഎഫിൽ സിപിഎം 26, സിപിഐ 8, ആർജെഡി 1 സീറ്റുകളാണ് നേടിയത്. ബിജെപി നേമം, കഴക്കൂട്ടം, ചാത്തന്നൂർ മണ്ഡലങ്ങളിൽ വിജയിക്കുകയും ചെയ്തു.
തിരഞ്ഞെടുപ്പിൽ എൽഡിഎഫ് മന്ത്രിസഭയിലെ 13 മന്ത്രിമാർ പരാജയപ്പെട്ടു. പി രാജീവ്, എം ബി രാജേഷ്, വി ശിവൻകുട്ടി, ആർ ബിന്ദു, വീണാ ജോർജ് ഉൾപ്പെടെയുള്ളവർ പരാജയപ്പെട്ടു. അതേസമയം പിണറായി വിജയൻ, കെ എൻ ബാലഗോപാൽ, സജി ചെറിയാൻ, മുഹമ്മദ് റിയാസ് അടക്കമുള്ള ഏഴ് മന്ത്രിമാർ വിജയിച്ചു.
















