കോണ്‍ഗ്രസിലെ മുഖ്യമന്ത്രി ചർച്ചയ്ക്കായി കേരളത്തിലെത്തിയ എഐസിസി നിരീക്ഷകര്‍ ഇന്ന് ഹൈക്കമാന്‍ഡിന് റിപ്പോര്‍ട്ട് നല്‍കും. ഇന്ന് ഉച്ചയ്ക്ക് നിരീക്ഷകനായ മുകുൾ വാസ്നിക്കിൻ്റെ നേതൃത്വത്തിൽ യോഗം ചേർന്നാണ് റിപ്പോർട്ട് സമർപ്പിക്കുക.
മുഖ്യമന്ത്രി സ്ഥാനത്തേയ്ക്ക് എംഎൽമാർ നിർദേശിച്ച പേരുകളും എ.കെ. ആൻ്റണി അടക്കമുള്ള നേതാക്കളുടെ അഭിപ്രായങ്ങളും റിപ്പോർട്ടിൽ വിശദമായി ഉണ്ടാകും. നിരീക്ഷകരുടെ റിപ്പോർട്ട് ലഭിച്ചയുടൻ തന്നെ മുഖ്യമന്ത്രിയെ നിശ്ചയിക്കാനുള്ള നടപടികളിലേക്ക് ഹൈക്കമാൻഡ് കടക്കും.
49 എംഎൽഎമാരാണ് പാർലിമൻ്ററി പാർട്ടി യോഗത്തിൽ കെ.എസി. വേണുഗോപാലിനു വേണ്ടി അണിനിരന്നത്. മുഖ്യമന്ത്രി സ്ഥാനത്തേക്ക് കെ.സി. തന്നെ വരണമെന്ന നിലപാടിൽ ഇവർ ഉറച്ച് നിന്നു. 35 പേരുടെ പിന്തുണയുണ്ട് എന്ന് ചൂണ്ടിക്കാട്ടി സതീശനും തൊട്ടു പിന്നാലെയുണ്ട്.
23 പേരുടെ പിന്തുണ രമേശ് ചെന്നിത്തലയും അവകാശപ്പെടുന്നു. ഭൂരിപക്ഷം എവിടെയാണോ അങ്ങോട്ടേക്ക് മറുകണ്ടം ചാടാനും ചില എംഎൽഎമാർ ശ്രമം നടത്തുന്നുണ്ട്.
മുഖ്യമന്ത്രി തെരഞ്ഞെടുപ്പിൽ പാർലമെൻ്ററി പാർട്ടി യോഗ തീരുമാനം അംഗീകരിക്കുന്ന കോൺഗ്രസിൻ്റെ കീഴ്വഴക്കം ഇവിടെയും തുടരണം എന്നാണ് ഭൂരിഭാഗം നേതാക്കളും അഭിപ്രായം. പാർലമെന്ററി പാർട്ടി യോഗത്തിന് എത്തുന്നതിനു മുൻപ് എംപിമാരുമായി നിരീക്ഷകർ കൂടിക്കാഴ്ച നടത്തിയിരുന്നു.
















