വീട്ടിൽ ഉറങ്ങിക്കിടക്കുകയായിരുന്ന പെൺകുട്ടിയുടെ ശരീരത്തിലേക്ക് മേൽക്കൂരയിൽനിന്ന് പാമ്പ് വീണു. പാമ്പുകടിയേറ്റ് ഗുരുതരാവസ്ഥയിലായ പിടവൂർ മൂലംകോട് രാജേഷ് ഭവനിൽ രേവതിയെ (15) പുനലൂർ താലൂക്ക് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു. ബുധനാഴ്ച പുലർച്ചെ രണ്ടരയോടെയായിരുന്നു സംഭവം. രേവതി ഉറങ്ങിക്കിടന്ന മുറിയുടെ ഷീറ്റിട്ട മേൽക്കൂരയിൽനിന്ന് പാമ്പും എലിയും പെൺകുട്ടിയുടെ ദേഹത്തേക്ക് വീഴുകയായിരുന്നു.
നിലവിളിച്ചുകൊണ്ട് ഉണർന്ന രേവതി പാമ്പിനെ കണ്ടെങ്കിലും, കാലിലെ മുറിവ് എലി കടിച്ചതാകാമെന്നാണ് വീട്ടുകാർ ആദ്യം കരുതിയത്. വീട്ടിൽ എലിശല്യം രൂക്ഷമായതിനാൽ ലൈറ്റിട്ടാണ് കുടുംബം ഉറങ്ങാറുള്ളത്. കുറച്ചുസമയത്തിന് ശേഷം രേവതിക്ക് തലചുറ്റലും അസഹ്യമായ കാൽവേദനയും അനുഭവപ്പെട്ടതോടെയാണ് ഉടൻ ആശുപത്രിയിൽ എത്തിച്ചത്. ഡോക്ടർമാർ നടത്തിയ പരിശോധനയിലാണ് പാമ്പുകടിയേറ്റതാണെന്ന് സ്ഥിരീകരിച്ചത്. പെൺകുട്ടി നിലവിൽ തീവ്രപരിചരണ വിഭാഗത്തിൽ നിരീക്ഷണത്തിലാണ്.
















