തമിഴ്‌നാട് മുഖ്യമന്ത്രിയായി തമിഴക വെട്രി കഴകം (ടിവികെ) നേതാവ് വിജയ് അധികാരമേൽക്കുന്ന ചരിത്രനിമിഷത്തിന് സാക്ഷ്യം വഹിക്കാൻ തെന്നിന്ത്യൻ താരം തൃഷ കൃഷ്ണൻ എത്തി. ചെന്നൈ ജവഹർലാൽ നെഹ്രു ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കുന്ന സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കാൻ എത്തിയ താരത്തെ വലിയ ആവേശത്തോടെയാണ് സദസ്സ് വരവേറ്റത്.
രാവിലെ 10 മണിക്ക് ചെന്നൈ ജവഹർലാൽ നെഹ്രു ഇൻഡോർ സ്റ്റേഡിയത്തിൽ വെച്ചാണ് സത്യപ്രതിജ്ഞ ചടങ്ങ്. വിജയ്‌ക്കൊപ്പം ഒൻപത് മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേൽക്കും.
സ്റ്റേഡിയത്തിലെത്തിയ താരം സദസിനെ കൈവീശി അഭിവാദ്യം ചെയ്തു. സദസിന്റെ മുൻനിരയിൽ തന്നെ തൃഷയ്ക്കായി ഇരിപ്പിടം ഒരുക്കിയിട്ടുണ്ട്.
വിജയ്‌യും തൃഷയും തമ്മിലുള്ള ഓൺ-സ്‌ക്രീൻ കെമിസ്ട്രിയും അവർ തമ്മിലുള്ള സൗഹൃദവും നേരത്തെ തന്നെ ചർച്ചയായിരുന്നു. വിജയ്‌യുടെ രാഷ്ട്രീയ പ്രവേശനത്തിന്റെ ഓരോ ഘട്ടത്തിലും തൃഷ നൽകിയ പിന്തുണയും വോട്ടെണ്ണൽ ദിനത്തിൽ നേരിട്ടെത്തി അഭിനന്ദിച്ചതും വാർത്തകളിൽ ഇടംപിടിച്ചിരുന്നു.
















