നടൻ വിജയ് രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുകയും തമിഴ്‌നാട് മുഖ്യമന്ത്രിയായി ചുമതലയേറ്റെടുക്കുകയും ചെയ്തിരിക്കുകയാണ്. ഈ സുപ്രധാനമായ വേളയിൽ താരത്തിന് ആശംസകളും വിലപ്പെട്ട ഉപദേശങ്ങളുമായി രംഗത്തെത്തിയിരിക്കുകയാണ് നടനും സംവിധായകനുമായ സമുദ്രക്കനി. തിരുമല ദർശനത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വിജയ് തമിഴ്‌നാട് മുഖ്യമന്ത്രിയാകുന്ന ഈ ദിവസത്തിനായി താൻ കാത്തിരിക്കുകയായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. “എന്റെ പ്രിയ സഹോദരാ, ദളപതി, ബഹുമാനപ്പെട്ട മുഖ്യമന്ത്രി, ഈ തടസ്സങ്ങളൊന്നും ഒന്നുമല്ല; ഇനിയും കൂടുതൽ വെല്ലുവിളികൾ മുന്നിലുണ്ടാകും. അവയെല്ലാം വിജയകരമായി തരണം ചെയ്യാനും സംസ്ഥാനത്തിന്റെ പേര് പുതിയ ഉയരങ്ങളിലെത്തിച്ച് ഭരണം നടത്താനും നിനക്ക് കഴിയുമെന്ന് എനിക്ക് ഉറപ്പുണ്ട്, നിങ്ങളുടെ വിജയത്തിനായി ഞാൻ ദൈവത്തോട് പ്രാർത്ഥിക്കുന്നു” എന്നായിരുന്നു സമുദ്രക്കനിയുടെ വാക്കുകൾ.
ഇവരുടെ സൗഹൃദത്തിനിടയിൽ മുമ്പ് ചില അസ്വാരസ്യങ്ങൾ ഉണ്ടായിരുന്നു എന്നതും ശ്രദ്ധേയമാണ്. വിജയ്‌യുടെ വ്യക്തിജീവിതവുമായി ബന്ധപ്പെട്ട ചില വിവാദങ്ങളിൽ സമുദ്രക്കനി മുമ്പ് പരസ്യമായി വിമർശനം ഉന്നയിച്ചിരുന്നു. എന്നാൽ വിജയ്‌യോടുള്ള സ്നേഹക്കൂടുതൽ കൊണ്ടാണ് അന്ന് താൻ അങ്ങനെ സംസാരിച്ചതെന്നും അത് വലിയ വേദനയിൽ നിന്നാണ് ആ പ്രതികരണം ഉണ്ടായതെന്നും അദ്ദേഹം പിന്നീട് വ്യക്തമാക്കി. താൻ വിജയ്‌യെ ആദ്യമായി പിന്തുണച്ചവരിൽ ഒരാളാണെന്നും ആ ആത്മബന്ധമാണ് തന്റെ പഴയ പ്രതികരണത്തിന് പിന്നിലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
രാഷ്ട്രീയ പ്രവേശനത്തിന്റെ ഭാഗമായി വിജയ് തന്റെ സിനിമാ ജീവിതം അവസാനിപ്പിക്കുകയാണെന്നാണ് സൂചനകൾ. അദ്ദേഹത്തിന്റെ അവസാന ചിത്രമായ ‘ജനനായകൻ’ ചില സെൻസർ ബോർഡ് പ്രശ്നങ്ങൾ നേരിടുന്നുണ്ടെങ്കിലും വൈകാതെ പുറത്തിറങ്ങുമെന്നാണ് കരുതപ്പെടുന്നത്. മുഖ്യമന്ത്രി എന്ന നിലയിൽ ചുമതലയേറ്റ ശേഷം നടത്തിയ ആദ്യ പ്രസംഗത്തിൽ തമിഴ്‌നാട്ടിൽ സാമൂഹിക നീതിയുടെ ഒരു പുതിയ യുഗം ആരംഭിക്കുകയാണെന്ന് വിജയ് പ്രഖ്യാപിച്ചു. അദ്ദേഹത്തിന്റെ മന്ത്രിസഭയിൽ ആദവ് അർജുനയും മുൻ ഐആർഎസ് ഉദ്യോഗസ്ഥനായ കെ.ജി. അരുൺരാജും ഉൾപ്പെടെ ഒൻപത് മന്ത്രിമാരാണ് ഞായറാഴ്ച സത്യപ്രതിജ്ഞ ചെയ്തത്.
















