സിപിഎം പൊളിറ്റ് ബ്യൂറോ യോഗം രണ്ടാം ദിവസവും ഡൽഹിയിൽ തുടരുന്നു. കേരളത്തിലെ നിയമസഭാ തിരഞ്ഞെടുപ്പ് ഫലം സംബന്ധിച്ച വിശദമായ ചർച്ചകൾ ഇന്നലത്തെ യോഗത്തിൽ ആരംഭിച്ചിരുന്നു. ഇന്ന് ചർച്ചകൾ തുടരുമ്പോൾ, എല്ലാവരും ഉറ്റുനോക്കുന്നത് കേരളത്തിലെ പ്രതിപക്ഷ നേതൃസ്ഥാനം ആര് വഹിക്കുമെന്ന തീരുമാനത്തിലേക്കാണ്.
മുഖ്യമന്ത്രി സ്ഥാനാർത്ഥിയെ മുൻകൂട്ടി പ്രഖ്യാപിക്കാതെയാണ് തിരഞ്ഞെടുപ്പിനെ നേരിട്ടതെങ്കിലും, നിലവിൽ പിണറായി വിജയൻ തന്നെ പ്രതിപക്ഷ നേതൃസ്ഥാനത്ത് തുടരണമെന്നാണ് സംസ്ഥാന സെക്രട്ടേറിയറ്റിലെ ഭൂരിപക്ഷ വികാരം. എന്നാൽ പാർട്ടിയിൽ മാറ്റം വേണമെന്ന നിലപാട് കേന്ദ്ര നേതൃത്വത്തിലെ ചിലർക്കുണ്ടോ എന്നത് നിർണ്ണായകമാകും.
അതേസമയം പ്രതിപക്ഷ ഉപനേതൃസ്ഥാനം വേണമെന്ന ആവശ്യത്തിൽ സി.പി.ഐ ഉറച്ചുനിൽക്കുന്നത് സി.പി.എമ്മിന് മുന്നിൽ പുതിയ വെല്ലുവിളിയായിട്ടുണ്ട്. സി.പി.ഐ ദേശീയ കൗൺസിൽ യോഗത്തിന് ശേഷം സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വമാണ് ഈ നിലപാട് വ്യക്തമാക്കിയത്.
ഇതിനിടെ, സംസ്ഥാന നേതൃത്വത്തിന്റെ നിലപാട് സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ കേന്ദ്രത്തെ അറിയിച്ചേക്കും. പിണറായി വിജയന്റെ നേതൃത്വത്തിലുള്ള തുടർച്ചയെ കേന്ദ്രം എങ്ങനെ സമീപിക്കുമെന്നതിനെ ആശ്രയിച്ചിരിക്കും വരും ദിവസങ്ങളിലെ രാഷ്ട്രീയ നീക്കങ്ങൾ.
















