ആലപ്പുഴ: ചേർത്തല പള്ളിപ്പുറം തവണക്കടവ് കായലിലെ ഡ്രജിംഗിനെതിരെ തീര സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ സമരം ശക്തമാവുന്നു. രണ്ടാം ഘട്ടസമരം ആരംഭിച്ചു. തവണക്കടവിൽ തുടങ്ങിയ സമര വേദിയിൽ നൂറുകണക്കിന് സ്ത്രീകളും കുട്ടിക്കളും അണിനിരന്നു. പ്രമുഖ മനുഷ്യാവകാശ പ്രവർത്തകൻ ഹാഷിം ചെന്നാമ്പിള്ളി
രണ്ടാംഘട്ട സമരം ഉത്ഘാടനം ചെയ്തു. വിശാലമായ വേമ്പനാട്ട് കായലിൽ പലയിടങ്ങളിൽ നിന്ന് ശാസ്ത്രീയമായി എടുക്കേണ്ട മണൽ സകല അതിർവരമ്പുകളും ലംഘിച്ച് ഒരിടത്തുനിന്ന് തന്നെ വലിയ അളവിൽ കുഴിക്കുന്നത് മാസങ്ങളായി തുടരുകയാണ്. 500 മീറ്റർ ചുറ്റളവിൽ മൂന്നാമത്തെ ഡ്രജറും വന്നതോടെയാണ് നാട്ടുകാർ ശക്തമായ പ്രതിഷേധവുമായി രംഗത്ത് വന്നത്.
മണലും ചെളിയും ക്രമാതീതമായി വലിച്ചെടുക്കുന്നത് കക്ക വാരുന്ന നൂറുകണക്കിന് തൊഴിലാളികളെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. വരും വർഷങ്ങളിൽ കക്കയുടെ പ്രജനനം തന്നെ ഇല്ലാതാകുന്നത് ഈ മേഖലയിൽ ദൂരവ്യാപക വിഷമതകൾ സൃഷ്ടിക്കുമെന്നത് തീർച്ചയാണ്. ഇതിനോടകം രൂപപ്പെട്ടിരിക്കുന്ന പാതാള സമാനമായ കുഴികളിൽ നീട്ടുവല താഴ്ന്നു പോകുമെന്നല്ലാതെ മീൻ കിട്ടുന്നസ്ഥിതിയുണ്ടാവില്ലെന്നതാണ് മുതിർന്ന മത്സ്യ തൊഴിലാളികളുടെയും ആശങ്ക.
പള്ളിപ്പുറം മാട്ടേൽപള്ളി കൊണ്ട് തന്നെ പ്രസിദ്ധമായ മാട്ടേൽ തുരുത്തിൽ നിന്നും അൻപത് മീറ്റർ പോലും അകലത്തിലല്ല ഈ കൊള്ള തുടരുന്നത്. നൂറ്റാണ്ടുകളുടെ ചരിത്രം പേറുന്ന ഇവിടം ഒരു പൈതൃക സ്വത്തായി സംരക്ഷിക്കപ്പെടേണ്ട സ്ഥലമായാണ് ജാതിമത ഭേദമന്യേ ഏവരും കണക്കാക്കുന്നത്. എന്നാൽ ഏതാനും മാസങ്ങൾക്കുള്ളിൽ ഈ തുരുത്തും ഇവിടെയുള്ള വീടുകളും പള്ളിയുമെല്ലാം ഇല്ലാതാവാനുള്ള സാധ്യതയാണ് മുന്നിൽ കാണുന്നത്.
നൂറ്റാണ്ടുകളും പതിറ്റാണ്ടുകളും കൊണ്ട് രൂപപ്പെട്ട മണൽ തിട്ടകൾ ദിവസങ്ങൾ കൊണ്ട് ഇല്ലാതാക്കപ്പെടുന്നത് തീരപ്രദേശത്തെ നൂറുകണക്കിന് വീടുകളുടെ നിലനിൽപിന് കടുത്ത ഭീഷണിയാണ് ഉയർത്തുന്നത്. കായലിൽ മൂന്നര കിലോമീറ്റർ വീതിയുള്ള ഈ ഭാഗത്ത് ഇരുന്നൂറ് മീറ്റർ പരിധിയിലാണ് ഈ ഖനനം അനുസ്യൂതം തുടരുന്നത്.
രണ്ടോ മൂന്നോ മീറ്റർ ആഴത്തിൽ കുഴിക്കുന്നതിനൊന്നും ജനങ്ങൾ എതിരല്ല. പക്ഷെ അത് പലയിടങ്ങളിൽ നിന്നായി വ്യാപകമായി എടുക്കാതെ ഒരിടത്ത് തന്നെ ഭീകരമായി തുടരുന്നതാണ് പ്രതിഷേധത്തിനാധാരം. ഓരോ രാത്രിയും കുറഞ്ഞത് ഇരുന്നൂറ് കൂറ്റൻ ടോറസുകളാണ് ഈ തീരദേശത്തെ കുലുക്കി വിറപ്പിച്ച് കടന്നു പോകുന്നത്. നല്ല നിലവാരത്തിൽ നിർമ്മിച്ച റോഡുകൾ താഴ്ന്നു തരിപ്പണമായി തുടങ്ങിയിരിക്കുന്നു. റോഡ് ഇരുന്നതോടെ ജപ്പാൻ കുടിവെള്ള പദ്ധതിയുടെ പൈപ്പുകൾ പൊട്ടി പലയിടങ്ങളിലും കുടിവെള്ളം ലീക് ചെയ്തു തുടങ്ങിയിരിക്കുന്നു.
ഉപ്പുവെള്ളഭീഷണിയുള്ള ഇവിടം ഇങ്ങനൊരു പ്രതിസന്ധിയും നേരിടുകയാണ്. മതിലുകൾക്കും വീടുകൾക്കും വിള്ളൽ വീണ് തുടങ്ങിയതും മറ്റൊരു പ്രശ്നമാണ് സകല രീതിയിലും ജനങ്ങൾക്ക് ദുരിതമായതോടെയാണ് തീരസംരക്ഷണ സമിതിയെന്ന പേരിൽ ഒരു ജാഗ്രത വേദിയുണ്ടാക്കി പ്രതിഷേധ പരിപാടികൾ ആസൂത്രണം ചെയ്തത്. ട്രഡ്ജിങ് നിറുത്തിവയ്ക്കുവരെസമരം തുടരുമെന്ന് സമരസമിതി അറിയിച്ചു. ഒരു ജനതയുടെ അതിജീവന സമരത്തിൽ പങ്കാളിയാവുക നമ്മുടെ കടമയാണെന്ന് സമരം ഉത്ഘാടനം ചെയ്ത് ഹാഷിം ചെന്നാമ്പിള്ളി പറഞ്ഞു. ജീവനും ജീവിതവും നഷ്ടമാവുന്ന ട്രഡജിങ് നിറുത്തിവയ്ക്കാൻ അധികാരികൾ തയ്യാറാവണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടും.
തീരസംരക്ഷണ സമിതി ചെയർമാൻ പി. ഡി. സബീഷ് അദ്ധ്യക്ഷത വഹിച്ചു. വരും ദിവസങ്ങളിൽ പ്രമുഖ മനുഷ്യാവകാശ, രാഷ്ട്രീയ, സാംസ്കാരിക-സാമൂഹിക – കലാ രംഗത്തെ പ്രമുഖ കരെ അണിനിരത്തിസമരം ശക്തമാക്കുമെന്നും അദ്ദേഹം പറഞ്ഞു. രക്ഷാധികാരിയും, ബ്ലോക്ക് പഞ്ചായത്ത് അംഗവുമായ ജയശ്രീ ബിജു, കൺവീനർ ജോസഫ് സെൻതോ ഒന്തിരിക്കൽ, ബെന്നി ജോൺ പാറശേരി, ടി.വി.സഹജൻ, ജോസുകുട്ടി കരിയിൽ, എൻ.ആർ രാജേഷ്
തുടങ്ങിയവർ സംസാരിച്ചു.
















