ബിഹാറിലെ നളന്ദയിൽ വെറും ഒരു നാരങ്ങയുടെ പേരിൽ പന്ത്രണ്ടുകാരനെ തല്ലിക്കൊന്നു. അസ്ഥാവൻ സ്വദേശിയായ ശുഭം കുമാർ എന്ന കുട്ടിയാണ് കൊല്ലപ്പെട്ടത്. വീടിന് സമീപം കളിച്ചുകൊണ്ടിരുന്ന ശുഭം, അയൽപക്കത്തെ മരത്തിൽ നിന്നും താഴെ വീണ നാരങ്ങ എടുത്തതാണ് വീട്ടുടമയെ പ്രകോപിപ്പിച്ചത്.
അനുവാദമില്ലാതെ നാരങ്ങ പറിച്ചു എന്നാരോപിച്ച് വീട്ടുടമയും പന്ത്രണ്ടോളം വരുന്ന സംഘവും ചേർന്ന് കുട്ടിയെ മൃഗീയമായി മർദിക്കുകയായിരുന്നു. ക്രൂരമായ മർദനമേറ്റ കുട്ടി സംഭവസ്ഥലത്ത് തന്നെ മരണപ്പെട്ടു.
സംഭവത്തെത്തുടർന്ന് പ്രകോപിതരായ നാട്ടുകാർ കുട്ടിയുടെ മൃതദേഹവുമായി വൻ പ്രതിഷേധം നടത്തി. സ്ഥിതിഗതികൾ വഷളായതോടെ വൻ പൊലീസ് സന്നാഹം സ്ഥലത്തെത്തിയാണ് പ്രതിഷേധക്കാരെ ശാന്തരാക്കിയത്.
സംഭവവുമായി ബന്ധപ്പെട്ട് പ്രധാന പ്രതിയടക്കം 12 പേരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പ്രദേശത്ത് സംഘർഷസാധ്യത നിലനിൽക്കുന്നതിനാൽ 12 പൊലീസ് സ്റ്റേഷനുകളിൽ നിന്നുള്ള ഉദ്യോഗസ്ഥരെ സുരക്ഷയ്ക്കായി വിന്യസിച്ചു.
കുറ്റക്കാർക്ക് കർശന ശിക്ഷ ഉറപ്പാക്കുമെന്നും കേസിൽ വിശദമായ അന്വേഷണം നടക്കുകയാണെന്നും ജില്ലാ പൊലീസ് മേധാവി അറിയിച്ചു.
















