നീറ്റ് പരീക്ഷ ചോദ്യപേപ്പർ ക്രമക്കേടിൽ ഉറവിടം കണ്ടെത്താൻ സിബിഐ അന്വേഷണം വ്യാപിപ്പിക്കുന്നു. യഥാർത്ഥ ചോദ്യപേപ്പർ ചോർന്നു എന്ന സംശയത്തെ തുടർന്നാണ് നീക്കം. കേസിൽ മഹാരാഷ്ട്രയിൽ നിന്ന് രണ്ടുപേരെ കൂടി ഇന്ന് അറസ്റ്റ് ചെയ്തു.
മഹാരാഷ്ട്രയിലെ നാസിക്കും പൂനെയും ആണ് ചോദ്യപേപ്പർ ചോർച്ചയുടെ ഉത്ഭവകേന്ദ്രമായി കേസ് അന്വേഷിച്ച രാജസ്ഥാൻ പൊലീസിന്റെ പ്രത്യേകസംഘം കരുതുന്നത്. നാസിക് സ്വദേശിയായ ശുഭം ഖൈർനാറിന് യഥാർത്ഥ ചോദ്യപേപ്പർ ലഭിച്ചു എന്ന നിഗമനത്തിലാണ് സിബിഐ.
ശുഭത്തിന് ചോദ്യപേപ്പർ നൽകിയ കേസിലെ ഉത്ഭവ കേന്ദ്രം എന്ന് കരുതുന്ന ധനഞ്ജയ് ലോഖണ്ഡെ എന്ന 26 കാരനെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇയാളുടെ സുഹൃത്തായ പൂനെ സ്വദേശി ഒരു യുവതിയെയും സിബിഐ പിടികൂടി. ഇവർക്ക് ലഭിച്ചത് യഥാർത്ഥ ചോദ്യപേപ്പർ ആണോ എന്നാണ് ഇനി സ്ഥിരീകരിക്കേണ്ടത്.
പത്ത് ലക്ഷം രൂപയ്ക്ക് ശുഭം ചോദ്യപേപ്പർ വാങ്ങിയപ്പോഴും 15 ലക്ഷം രൂപയ്ക്ക് അയാൾ അത് ഗുരുഗ്രാമിലെ ഡോക്ടർക്ക് വിറ്റപ്പോഴും വിതരണം കൊറിയർ പാഴ്സലിലൂടെയാണ് നടത്തിയത്. പിന്നീട് ഇതിലെ 135 ചോദ്യങ്ങൾ മാതൃക ചോദ്യപേപ്പർ ഉണ്ടാക്കാൻ ഉപയോഗിച്ചു. കോപ്പികൾ പല സംസ്ഥാനത്തിലൂടെയും പ്രചരിച്ചിട്ടുണ്ട്. ഗുരുഗ്രാമിലെ ഡോക്ടറെ പിടികൂടാനാണ് സിബിഐ പ്രാഥമിക പരിഗണന നൽകിയിരിക്കുന്നത്. മാതൃക പേപ്പറിലെ ചോദ്യങ്ങൾ പരീക്ഷയ്ക്ക് വരുമെന്ന അറിവോടെ പല വിദ്യാർഥികളും ഇവ പ്രചരിപ്പിച്ചിരുന്നു.
ഇക്കാര്യം കേരളത്തിൽ എംബിബിഎസ് പഠിക്കുന്ന സ്വദേശി പിതാവിനെ ധരിപ്പിച്ചിരുന്നതായാണ് ഇവർക്കിടയിലെ സന്ദേശം പുറത്തുവന്നപ്പോൾ വ്യക്തമായിരിക്കുന്നത്. കേരളത്തിലേക്കും അന്വേഷണം വ്യാപിപ്പിക്കാനുള്ള ഒരുക്കത്തിലാണ് സിബിഐ. ഇതുവരെ 180 വിദ്യാർഥികളെയും പലരുടെയും മാതാപിതാക്കളുടെയും വിദ്യാർത്ഥികളുടെ സുഹൃത്തുക്കളുടെയും മൊഴി അന്വേഷണസംഘം രേഖപ്പെടുത്തിയിട്ടുണ്ട്. നാല് സംഘങ്ങളായി തിരിഞ്ഞാണ് സിബിഐയുടെ അന്വേഷണം പുരോഗമിക്കുന്നത്. ഡൽഹി NTA കാര്യാലയത്തിലും ഒരു സംഘം സിബിഐ ഉദ്യോഗസ്ഥർ എത്തി വിവരങ്ങൾ ശേഖരിച്ചിട്ടുണ്ട്.
Story Highlights : NEET exam question paper leak; CBI expands investigation
















