കേരളത്തിന്റെ പുതിയ മുഖ്യമന്ത്രിയെ കോൺഗ്രസ് ഹൈക്കമാൻഡ് ഇന്ന് ഔദ്യോഗികമായി പ്രഖ്യാപിക്കും. പത്ത് ദിവസമായി തുടരുന്ന രാഷ്ട്രീയ അനിശ്ചിതത്വങ്ങൾക്കാണ് ഇതോടെ അറുതിയാകുന്നത്.
ഹൈക്കമാൻഡിന്റെ ഫോർമുല സംഘടനാ ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ, പ്രതിപക്ഷനേതാവ് വി.ഡി.സതീശൻ, മുതിർന്ന നേതാവ് രമേശ് ചെന്നിത്തല എന്നിവരെ ബോധ്യപ്പെടുത്താനുള്ള നടപടി മാത്രമാണ് ബാക്കി.
ഇന്നു രാവിലെ അതുകൂടി പൂർത്തിയാക്കിയ ശേഷമേ പ്രഖ്യാപനമുണ്ടാകൂ. ഇന്നു ഉച്ചയ്ക്ക് ഒന്നിനു തിരുവനന്തപുരത്ത് ഇന്ദിരാഭവനിൽ കോൺഗ്രസ് നിയമസഭാകക്ഷിയോഗം ചേരും.
ഇന്നലെ ഡൽഹിയിൽ വൈകിട്ട് പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധി കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയുമായി ദീർഘമായ കൂടിയാലോചന നടത്തി.
ഈ വിഷയത്തിൽ ഇരുവരുടെയും മൂന്നാമത്തെ ചർച്ചയാണിത്. സോണിയ ഗാന്ധിയുടെ അഭിപ്രായത്തിന്റെ അടിസ്ഥാനത്തിലാണ് രാഹുലും ഖർഗെയും അന്തിമ തീരുമാനമെടുത്തതെന്നു വ്യക്തമാണ്.
പ്രിയങ്ക ഗാന്ധിയുടെയും മുതിർന്ന നേതാവ് എ.കെ.ആന്റണിയുടെയും നിലപാടുകളും നിർണായകമായി.
















