പിണറായി വിജയൻ പ്രതിപക്ഷനേതൃ സ്ഥാനത്ത് തുടരരുതെന്ന് സിപിഐഎം ആലപ്പുഴ ജില്ലാ സെക്രട്ടറിയേറ്റിൽ വിമർശനം. പ്രതിപക്ഷ നേതാവായി പിണറായി തുടരുന്നത് വലിയ ക്ഷീണം പാർട്ടിക്ക് ഉണ്ടാകും. കാരണം പ്രതിപക്ഷത്ത് വളരെ ചുരുങ്ങിയ ആളുകളുമായി ഇരിക്കുമ്പോൾ ഭരണപക്ഷത്തിന്റെ നീക്കങ്ങളെ എതിർക്കാനും അതുമായി ബന്ധപ്പെട്ട തുടർപരിപാടികളുമായി മുന്നോട്ട് പോകാനും പിണറായിയുടെ വിമർശനങ്ങൾക്ക് സാധിക്കുമോ എന്ന ആശങ്കയും സെക്രട്ടറിയേറ്റ് അംഗങ്ങൾ ആശങ്ക പങ്കുവെച്ചു. അതുകൊണ്ടുതന്നെ പിണറായി വിജയനെ പ്രതിപക്ഷസ്ഥാനത്ത് നിന്ന് മാറ്റി പകരം മറ്റൊരാളെ നേതൃസ്ഥാനത്തേക്ക് എത്തിക്കണമെന്നും ആവശ്യം ഉയർന്നു.
എം വി ഗോവിന്ദനെതിരെയും യോഗത്തിൽ കടുത്ത വിമർശനം ഉയർന്നു. സംസ്ഥാന സെക്രട്ടറി നടത്തിയ പല പ്രസ്താവനകളും ബ്രാഞ്ച് സെക്രട്ടറിയുടെ നിലവാരം പോലുമില്ലാത്തതായിരുന്നു. പാർട്ടിയിൽ തിരുത്തലുകൾ ഉണ്ടാവണം. നിലവിലെ രീതി തുടർന്നാൽ അധികാരത്തിലേക്ക് മടങ്ങിവരവ് കടുപ്പമാകുമെന്നും സംസ്ഥാന കമ്മറ്റി പുനഃസംഘടിപ്പിക്കണമെന്നും ജില്ലാ സെക്രട്ടറിയേറ്റിൽ ആവശ്യം ഉയർന്നു. വി.എൻ വാസവൻ, സജി ചെറിയാൻ, സി എസ് സുജാത, തോമസ് ഐസക് എന്നിവർ മേൽഘടകങ്ങളിൽ നിന്ന് സെക്രട്ടറിയേറ്റിൽ പങ്കെടുത്തു.
ജി സുധാകരനെ നേരിട്ടതിൽ പാർട്ടി പരാജയമെന്നും യോഗത്തിൽ കുറ്റപ്പെടുത്തൽ ഉണ്ടായി. പാർട്ടിക്കെതിരായ വിമർശനങ്ങളിൽ കൃത്യസമയത്ത് മറുപടി നൽകാനായില്ല. ജി സുധാകരൻ ഉയർത്തിയ വെല്ലുവിളികളെ പ്രതിരോധിക്കാൻ കഴിഞ്ഞില്ല. പാർട്ടി ശക്തികേന്ദ്രങ്ങളിൽ പോലും ജി സുധാകരനെ എതിർക്കാനായില്ല. രണ്ടുവർഷം മുൻപേ സുധാകരൻ പാർട്ടിയെ ആക്രമിച്ചു തുടങ്ങി. സ്വയം ഇറങ്ങി പോകും മുൻപ് പുറത്താക്കണമായിരുന്നെന്നും സെക്രട്ടറിയേറ്റിൽ വിമർശനം ഉയർന്നു.
Story Highlights : Pinarayi Vijayan should not continue as opposition leader; Criticism at CPM Alappuzha district secretariat
















