കേരളത്തിന്റെ ഔദ്യോഗിക ഫലമായ ചക്കയ്ക്ക് ആഭ്യന്തര വിപണിയിൽ ചരിത്രത്തിലെ ഏറ്റവും വലിയ വിലയിടിവ്. വർഷത്തിൽ എല്ലാകാലത്തും കായ്ക്കുന്ന പ്രത്യേക പ്ലാവ് ഇനങ്ങൾ മലയോര മേഖലയിൽ വ്യാപകമായതും ഉൽപാദനം കുത്തനെ വർധിച്ചതും വിലയിടിവിന് ആക്കം കൂട്ടി. ഇടനിലക്കാരുടെ ചൂഷണം മൂലം കർഷകർക്ക് ഇപ്പോൾ കിലോയ്ക്ക് 20 രൂപയിൽ താഴെ മാത്രമാണ് ലഭിക്കുന്നത്. കഴിഞ്ഞ വർഷങ്ങളിൽ 40 മുതൽ 60 രൂപ വരെ ലഭിച്ചിരുന്ന സ്ഥാനത്താണിത്.
പശ്ചിമേഷ്യൻ രാജ്യങ്ങളിലെ യുദ്ധ സാഹചര്യങ്ങളെ തുടർന്ന് ചക്കയുടെയും മൂല്യവർധിത ഉൽപന്നങ്ങളുടെയും കയറ്റുമതി കുറഞ്ഞു. പാചകവാതക നിരക്കിലുണ്ടായ പ്രതിസന്ധി മൂലം ചെറുകിട മൂല്യവർധിത ഉൽപന്ന നിർമാണ യൂണിറ്റുകളുടെ പ്രവർത്തനവും മന്ദഗതിയിലാണ്. ഇതോടെ ചക്കയിൽ നിന്നുള്ള ചിപ്സ്, ഹൽവ, പൾപ്പ് തുടങ്ങിയവയുടെ നിർമാണം കുറഞ്ഞതും തിരിച്ചടിയായി. മൂവാറ്റുപുഴ ഉൾപ്പെടെയുള്ള മലയോര മേഖലകളിൽ പ്ലാവ് കൃഷി വലിയ തോതിൽ വ്യാപിച്ചിട്ടുണ്ട്. എന്നാൽ വിളവെടുപ്പ് കാലത്ത് ന്യായമായ വില കിട്ടാതെ വന്നതോടെ വലിയ നിക്ഷേപം നടത്തിയ കർഷകർ ആശങ്കയിലാണ്.
കേരളത്തിൽ ചക്ക വിലയില്ലാതെ നശിക്കുമ്പോഴും അയൽസംസ്ഥാനമായ തമിഴ്നാട്ടിൽ ഇടിയൻ ചക്കയ്ക്കും മൂപ്പെത്തിയ ചക്കയ്ക്കും ആവശ്യക്കാർ ഏറെയാണ്. കേരളത്തിലെ തോട്ടങ്ങളിൽ നിന്ന് തുച്ഛമായ വിലയ്ക്ക് ലോഡ് കണക്കിന് ചക്കയാണ് തമിഴ്നാട്ടിലേക്കു കൊണ്ടുപോകുന്നത്. അവിടെ എത്തുമ്പോൾ ഇവയ്ക്ക് കിലോയ്ക്ക് 300 മുതൽ 400 രൂപ വരെയാണ് ഈടാക്കുന്നത്. പഴുത്ത വരിക്കച്ചക്കയുടെ ചുളയ്ക്ക് എണ്ണം പറഞ്ഞാണ് തമിഴ്നാട്ടിൽ വിപണനം നടക്കുന്നത്. നല്ല മധുരമുള്ള വലിയ ചുളയ്ക്ക് 5 രൂപ വരെ ഉപഭോക്താക്കൾ നൽകണം. കേരളത്തിൽ പ്ലാവുകളിൽ ചക്കകൾ ധാരാളമായി വിളയുന്നുണ്ടെങ്കിലും, കൃത്യമായ സംഭരണ സംവിധാനങ്ങളോ സർക്കാർ തലത്തിലുള്ള പ്രോസസിങ് പ്ലാന്റുകളോ ഇല്ലാത്തതാണ് കർഷകർക്ക് തിരിച്ചടിയാകുന്നത്.
















