സൂര്യ – ആർ.ജെ ബാലാജി ചിത്രം ‘കറുപ്പ്’ തമിഴകത്ത് കുതിപ്പു തുടരുമ്പോൾ ബിടിഎസ് വിശേഷങ്ങൾ പങ്കുവച്ച് നായിക തൃഷ കൃഷ്ണൻ. തന്റെ ഇൻസ്റ്റഗ്രാം പേജിൽ നടി പങ്കുവച്ച കറുപ്പ് ലൊക്കേഷൻ ചിത്രങ്ങളും വിഡിയോകളും വൈറലാകുകയാണ്. ഇതോടൊപ്പം നടി നൽകിയ ക്യാപ്ഷനാണ് ഏറെ ശ്രദ്ധ നേടുന്നത്.
‘മേയ് മാസം കൊണ്ടുവന്ന ഭാഗ്യങ്ങളിൽ ഒന്നുകൂടി, എല്ലാം ദൈവഹിതം’, എന്നാണ് കറുപ്പിന്റെ ബിടിഎസ് ദൃശ്യങ്ങൾ പങ്കുവച്ചു തൃഷ ക്യാപ്ഷനിട്ടത്. ഇത് കറുപ്പിന്റെ വിജയത്തെ മാത്രമല്ല, വിജയ് മുഖ്യമന്ത്രിയായതിനെയാണ് സൂചിപ്പിക്കുന്നത് എന്നാണ് ആരാധകർ പറയുന്നത്. ‘എല്ലാം നല്ലതായിരുന്നു ക്യാപ്ഷൻ കാണുന്നതുവരെ’, ക്യാപ്ഷനിൽ എന്താണ് ഉദ്ദേശിച്ചതെന്ന് അറിയാം എന്ന് തുടങ്ങി കമന്റുകളിൽ തൃഷയുടെ അടിക്കുറിപ്പിനെയാണ് പരാമർശിക്കുന്നത്.
ഇത് ആദ്യമായല്ല തൃഷ ഇത്തരത്തിൽ വിജയ്യെ പരോക്ഷമായി പരാമർശിച്ചുള്ള അടിക്കുറിപ്പുകൾ ഉള്ള ഇൻസ്റ്റഗ്രാം പോസ്റ്റുകൾ പങ്കുവയ്ക്കുന്നത്. തൃഷയുടെ ജന്മദിനമായ മേയ് നാലിനാണ് വിജയ്യുടെ ടിവികെ റെക്കോർഡ് മാർജിനിൽ തമിഴ്നാട് തിരഞ്ഞെടുപ്പ് ജയിച്ചത്. വിജയിന്റെ സത്യപ്രതിജ്ഞാചടങ്ങിലും തൃഷ എത്തിയിരുന്നു. ഇതോടെ തൃഷയും വിജയ്യും തമ്മിലുള്ള ബന്ധമെന്താണ് എന്ന് അഭ്യൂഹങ്ങളും ഉയർന്നിരുന്നു. സത്യപ്രതിജ്ഞാച്ചടങ്ങിൽ ധരിച്ചിരുന്ന സാരിയിൽ തൃഷ ഇൻസ്റ്റഗ്രാം പോസ്റ്റിന് അടിക്കുറിപ്പെഴുതിയത് സ്നേഹം ‘എപ്പോഴും വിളിച്ചറിയിക്കപ്പെടേണ്ടത്’ എന്നായിരുന്നു. ഇതിന് പിന്നാലെയാണ് മേയ് കൊണ്ടുവന്ന വിജയത്തെക്കുറിച്ചുള്ള അടിക്കുറിപ്പും. ഇതോടെ തൃഷ വിജയ്യെയാണ് പരോക്ഷമായി സൂചിപ്പിക്കുന്നത് എന്നാണ് ആരാധകർ പറയുന്നത്.
15 വർഷത്തെ ഇടവേളയ്ക്ക് ശേഷം ലോകേഷ് കനകരാജിന്റെ ലിയോയിലൂടെയായിരുന്നു ഹിറ്റ് ജോഡികളായ തൃഷയും വിജയ്യും വീണ്ടും ഒരുമിച്ച് അഭിനയിച്ചത്. ഇതിനുശേഷം വിജയ്യുമായുള്ള വിവാഹബന്ധം വേർപെടുത്തുന്നതായി ഭാര്യ സംഗീത അറിയിച്ചിരുന്നു. ഇതോടെ പൊതുവേദികളിൽ തൃഷയും വിജയ്യും എത്തിയതും ഇരുവരും തമ്മിലുള്ള ബന്ധത്തെക്കുറിച്ചുള്ള അഭ്യൂഹങ്ങൾ ശക്തിപ്പെടുത്തി.
ആർ.ജെ ബാലാജി സംവിധാനം ചെയ്ത് സൂര്യ നായകനായ കറുപ്പ് ആണ് തൃഷയുടേതായി പുറത്തിറങ്ങിയ ചിത്രം. ചിത്രം മികച്ച വിജയം നേടി മുന്നേറുകയാണ്.
















