പ്രശാന്ത് നീൽ ജൂനിയർ എൻടിആറിനെ നായകനാക്കി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ഡ്രാഗൺ’. ‘ലൂഗർ’ എന്ന കൊലയാളിയായാണ് നടൻ ചിത്രത്തിൽ എത്തുന്നത്. നടന്റെ ജന്മദിനത്തോട് അനുബന്ധിച്ച് അണിയറപ്രവർത്തകർ ചിത്രത്തിന്റെ ടീസർ പുറത്തുവിട്ടിരുന്നു. ചിത്രത്തിലെ കഥാപാത്രത്തിനായി വലിയൊരു മെയ്ക്ക് ഓവറിന് നടൻ വിധേയനായിരുന്നു. ഇതിനെക്കുറിച്ചുള്ള സംവിധായകൻ പ്രശാന്ത് നീലിന്റെ വാക്കുകളാണ് ശ്രദ്ധേയമാകുന്നത്.
ജൂനിയർ എൻടിആർ നാല് മാസത്തിനുള്ളിൽ ഏകദേശം 15 കിലോഗ്രാം ഭാരം കുറച്ചതായി വെളിപ്പെടുത്തിയിരിക്കുകയാണ് പ്രശാന്ത് നീൽ. സിനിമയുടെ ചർച്ച തുടങ്ങിയ സമയത്ത് ജൂനിയർ എൻടിആറിന്റെ ലുക്കിൽ കുറച്ചു മാറ്റങ്ങൾ വരുത്തിയാൽ നന്നാകും എന്ന് സംവിധായകൻ നിർദേശിച്ചിരുന്നു. കൊലയാളിയുടെ വേഷം ചെയ്യുന്നതിനാൽ കുറച്ചുകൂടി മെലിഞ്ഞിരുന്നാൽ നന്നാകുമെന്ന് തോന്നിയിരുന്നു. ഇത് പറഞ്ഞയുടൻ ജൂനിയർ എൻടിആർ ശരീരമാറ്റത്തിനായി തീവ്രശ്രമം നടത്തിയെന്നും പ്രശാന്ത് പറയുന്നു.
‘ഒരു ഘട്ടത്തിൽ 15 കിലോയോളം ഭാരം കുറച്ചിരുന്നു.ആ സമയത്ത് അദ്ദേഹം വളരെ ക്ഷീണിതനായും വിളറിയും കാണപ്പെട്ടു. ഇതോടെ ഞാൻ ഡയറ്റ് നിർത്താൻ ആവശ്യപ്പെട്ടു. അദ്ദേഹം നിർത്തിയില്ല. അദ്ദേഹത്തിന്റെ ഭാര്യയും അമ്മയ്ക്കും എന്നോട് ദേഷ്യമായിരുന്നു. അദ്ദേഹത്തിന്റെ സുഹൃത്തുക്കളും അദ്ദേഹത്തെ അറിയുന്നവർക്ക് എല്ലാവർക്കും എന്നോട് ദേഷ്യമായിരുന്നു. ഭാരം അൽപം കുറയ്ക്കാൻ മാത്രമാണ് ഞാൻ അദ്ദേഹത്തോട് പറഞ്ഞത്. പക്ഷേ അത് അദ്ദേഹം വളരെ ഗൗരവമായി എടുത്തു.
ശാരീരിക മാറ്റത്തിനായി നാലുമാസത്തോളം എടുത്തു. ആ സമയത്ത് ഷൂട്ടിങ് നിർത്തിവയ്ക്കേണ്ടി വന്നു. വിദഗ്ധരുടെയും ട്രെയിനറുടെയും മേൽനോട്ടത്തിലാണ് അദ്ദേഹം ട്രെയിനിങ് എടുത്തത്. ഏഴ് ആഴ്ച കൊണ്ട് 9.5 കിലോയോളം ഭാരം കുറച്ചിരുന്നു. അദ്ദേഹത്തിന്റെ കഠിനാധ്വാനത്തിന്റെ ഫലം സിനിമയിലുണ്ട്. അതിൽ ഞങ്ങൾ എല്ലാവരും ഏറെ സന്തുഷ്ടരാണ്’, പ്രശാന്ത് നീൽ പറഞ്ഞു.
2027 ജൂണിലാണ് ഡ്രാഗൺ റിലീസ് ചെയ്യുക. ജൂനിയർ എൻടിആറിനൊപ്പം അനിൽ കപൂർ,സ രുക്മിണമി വസന്ത്, ബിജു മേനോന്‍ എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്. കെജിഎഫ്, സലാർ എന്നീ മാസ് സിമിമകൾക്ക് ശേഷം പ്രശാന്ത് നീൽ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ഡ്രാഗൺ’.
















